ഇടുക്കി: അനധികൃത നിർമാണം നടന്നതിനെ തുടർന്ന് വിവാദഭൂമിയായ ചൊക്രമുടിമലയിൽ വീണ്ടും കയ്യേറ്റം. അന്വേഷണസംഘം പൂട്ടിയ ഗേറ്റിന്റെ പൂട്ട് തകർത്ത് ഒരു സംഘം ആളുകൾ ചൊക്രമുടിമലയിൽ കയറുകയും യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുകയും ചെയ്തു. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും സംഘം നശിപ്പിച്ചതായാണ് നാട്ടുകാർ പറയുന്നത്.
കയ്യേറ്റം ശ്രദ്ധയിൽപെട്ടതോടെ ചൊക്രമുടിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ എത്തി വലിയ പ്രതിഷേധം നടത്തി. ഇതോടെ കൈയ്യേറ്റക്കാർ സ്ഥലംവിട്ടു. ഇതിന് ശേഷമാണ് പൊലീസ് എത്തിയത്. വിവരം അറിയിച്ചിട്ടും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയില്ലെന്ന് സംരക്ഷണ സമിതി അംഗങ്ങൾ ആരോപിച്ചു.
സംഭവത്തിൽ ദേവികുളം തഹസിൽദാരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സബ് കളക്ടർ അറിയിച്ചിട്ടുണ്ട്. അതേസമയം, റവന്യൂ ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കയ്യേറ്റക്കാർ ചൊക്രമുടിമലയിലേക്ക് വരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
മാസങ്ങൾക്ക് മുമ്പ് വെട്ടിയ റോഡിന്റെ ഇരുഭാഗത്തുമുള്ള കാടാണ് കയ്യേറ്റ സംഘം അതിക്രമിച്ച് കയറി വെട്ടിത്തെളിച്ചത്. കയ്യേറ്റം വിവാദമായപ്പോൾ മുൻ ഉത്തരമേഖല ഐജി കെ ജി സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഈ പ്രദേശത്തേക്കുള്ള ഗേറ്റ് താഴിട്ട് പൂട്ടുകയായിരുന്നു. ഇതാണ് സംഘം തല്ലിപ്പൊളിച്ചത്.















