മാനന്തവാടി: വയനാട്ടിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു.കടുവയെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണന്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഓ.പി. പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചു കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമിതി യോഗം ചേര്‍ന്ന് ശുപാര്‍ശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്.
എസ്.ഓ.പി. പ്രകാരമുള്ള മറ്റ് നടപടി ക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികളെടുത്തു വരികയാണ്. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വെടിവെയ്‌ക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഇതിനായി വിദഗ്ധരായ ഷൂട്ടർമാരെയും വെറ്ററിനറി ഡോക്ടർമാരെയും അടിയന്തരമായി വയനാട് എത്തിക്കും.നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയെ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ചുമതലപ്പെടുത്തി. പ്രദേശത്ത് ദ്രുതകർമസേനയെ നിയോഗിക്കും.കടുവയെ വെടിവെയ്‌ക്കാന്‍ ജില്ലാഭരണകൂടവും ഉത്തരവിറക്കിയിട്ടുണ്ട്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന് സമീപം വനതാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കാൻ പോകുന്നതിനിടെയാണ് രാധയെ കടുവ ആക്രമിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കടുവ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന് നൂറ് മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനമേഖലയിൽ മാവോയിസ്‌റ്റ് നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട് സേന രാവിലെ ഒമ്പതോടെയാണ് മൃതദേഹം കണ്ടത്.
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഉയർന്നത്.















