കൊല്ലം: ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പളളി ഇമാം റിമാൻഡിൽ. കൊല്ലം മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്തത്. പന്മന സ്വദേശിയായ 20 കാരിയുടെ പരാതിയിലാണ് നടപടി. പത്തനംതിട്ട വ്യ്പൂരിലെ ഉട്ടുകുളം പള്ളിയിലെ ഇമാമാണ് അബ്ദുൾ ബാസിത്. 2019 ലാണ് മുത്തലാഖ് നിരോധന നിയമം രാജ്യത്ത് നിലവിൽ വന്നത്.
ആദ്യ വിവാഹം മറച്ച് വെച്ചാണ് തന്നെ വിവാഹം കഴിച്ചതെന്ന് യുവതി പറഞ്ഞു. കല്യാണം കഴിച്ച് വാടക വിട്ടിലേക്കാണ് കൊണ്ടുപോയത്. പിന്നീടാണ് സത്യം അറിഞ്ഞത്. ഇതിനെ കുറിച്ച് ചോദിച്ചോൾ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ തുടങ്ങി. മൂന്നാമത് വിവാഹം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. ചെറിയ വാക്ക് തർക്കത്തിന്റെ പേരിൽ ഈമാസം 16 ന് പന്മനയിലെ വീട്ടിൽ കൊണ്ടുവിട്ടിരുന്നു. തുടർന്ന് 19 തീയതി ഫോണിൽ വിളിച്ച് തലാഖ് ചൊല്ലുകയായിരുന്നു. പെട്ടെന്ന് കേട്ടപ്പോൾ ഷോക്ക് ആയി പോയെന്നും തലാഖിന് മുൻപ് പ്രതി കടുത്ത ഭാഷയിൽ ചീത്ത പറഞ്ഞെന്നും യുവതി പറയുന്നു. മൂന്ന് തവണ തലാഖ് ചൊല്ലിയ ശേഷം ഇനി നമ്മൾ സംസാരിക്കുന്നത് ഹറാമാണെന്നും നമ്മൾ തമ്മിൽ ഇനി ബന്ധമില്ലെന്നും പറഞ്ഞ് ഫോൺ കട്ടാക്കി. തിരികെ ഫോണിൽ ബാസിതിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതിന് കഴിഞ്ഞില്ല. ഇതോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
2023 ഫെബ്രുവരിയിലാണ് പ്രതി മതാചാര പ്രകാരം യുവതിയെ വിവാഹം കഴിച്ചത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസാണ് ഇമാമിനെ കസ്റ്റഡിയിൽ എടുത്തത്. മുത്തലാഖ് നിരോധന നിയമത്തിന് പുറമേ വിവിധ വകുപ്പുകൾ കൂടി ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.















