തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമത്തെ കപ്പൽനിർമാണ ശാലയ്‌ക്ക് സ്ഥലം കണ്ടെത്തണമെന്ന കേന്ദ്രത്തിന്റെ കത്തിൽ ഒളിച്ചുകളി തുടർന്ന് സംസ്ഥാനം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉറപ്പായ പദ്ധതിയോടാണ് സർക്കാരിന്റെ അലംഭാവം. പാലക്കാട്ടെ ബ്രൂവറിയെ ചേർത്തു പിടിക്കുന്ന മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി.
കഴിഞ്ഞ ദിവസം നിയമസഭയിൽ നയപ്രഖ്യാനത്തിന് മേലുള്ള ചർച്ചയ്‌ക്കിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ ബ്രൂവെറിക്ക് അനുമതി നൽകിയതിനെ ന്യായീകരിച്ചിരുന്നു. വൻ വ്യവസായങ്ങൾ സ്വീകരിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാൻ പ്രതിജ്ഞാബദ്ധമാണ് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം.
എന്നാൽ കേന്ദ്രസർക്കാർ സംരംഭമായ കപ്പൽശാലയുടെ കാര്യത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിക്ക് നിലപാട് മാറ്റമാണ് വിമർശന വിധേയമാകുന്നത്. പദ്ധതിക്ക് ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിരവധി തവണ കത്തയച്ചെങ്കിലും മറുപടി നൽകാൻ പോലും ഇതുവരെ കേരളം തയ്യാറായില്ല.
മാരിടൈം അമൃത് വിഷൻ 2047 പ്രകാരമാണ് സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ കേന്ദ്രസർക്കാർ പുതിയ കപ്പൽശാലയ്‌ക്ക് ശ്രമം തുടങ്ങിയത്. 86 ലക്ഷം കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം പൂവാറിലാണ് നിർദ്ദിഷ്ട കപ്പൽശാല. വിഴിഞ്ഞത്തിനൊപ്പം ഈ പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ വലിയ വികസന മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാകുക.
സ്വകാര്യ കമ്പനിയായ ഒയാസിസിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അമിത താൽപര്യം നിരവധി സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. പല സംസ്ഥാനങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ കമ്പനിയെ ടെൻഡർ പോലും ഇല്ലാതെ കേരളത്തിലേക്ക് കണ്ടുവന്നത് അഴിമതി മുൻനിർത്തിയാണെന്ന ആരോപണവും ശക്തമാണ്. കപ്പൽശാല കേന്ദ്രപദ്ധതിയായിരിക്കെ അഴിമതിക്കോ സാമ്പത്തിക നേട്ടത്തിനോ വകയില്ല. ഇതാണ് ഇടത് സർക്കാരിന്റെ വിമുഖതയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്രസർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.















