മുംബൈ: ഉച്ചഭാഷിണി ഉപയോഗം ഒരു മതത്തിന്റെയും അവിഭാജ്യ ഘടകമല്ലെന്ന് ബോംബെ ഹൈക്കോടതി. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുന്നത് അവകാശ ലംഘനമായി കണക്കാകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുതാൽപ്പര്യം മുൻനിർത്തി മാത്രം അത്തരം അനുമതികൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.
9 മസ്ജിദുകളും മദ്രസകളും ഉച്ചഭാഷിണി ഉപയോഗിച്ച് പുലർച്ചെ 5 മണിക്ക് ബാങ്കുവിളിക്കുന്നതിനും മതപ്രഭാഷണങ്ങൾ നടത്തുന്നതിനുമെതിരെ കുർളയിലെയിലെ ഹൗസിംഗ് സൊസൈറ്റികളാണ് ഹർജി നൽകിയത്. നടപടിയെടുക്കാതെ പൊലീസ് നിഷ്ക്രീയത്വം കാണിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.
ഉച്ചഭാഷിക്ക് അനുമതി നിഷേധിക്കുന്നത് ഭരണഘടന പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ നിഷേധമികില്ലെന്ന് ജസ്റ്റിസുമാരായ അജയ് ഗഡ്കരിയും ശ്യാം ചന്ദകും പറഞ്ഞു. ഒരു ആരാധനാലയവും ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും 2000-ലെ ശബ്ദമലിനീകരണ നിയമങ്ങൾ കർശനമായി നടപ്പാക്കാനും പൊലീസിന് അധികാരമുണ്ടെന്നും ബെഞ്ച് വിധിച്ചു. ശബ്ദത്തിന്റെ ഡെസിബൽ ലെവൽ അളക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സംസ്ഥാനം പൊലീസിന് നിർദേശം നൽകണമെന്നും ബെഞ്ച് പറഞ്ഞു.
പൊലീസ് വീഴ്ച വരുത്തിയതിനാൽ പ്രദേശത്തെ നിരവധി മുതിർന്ന പൗരന്മാർക്ക് അസുഖം ബാധിച്ചതായി ഹർജിക്കാരുടെ അഭിഭാഷകരായ കൗശിക് മാത്രെയും റീന റിച്ചാർഡ്‌സും വാദിച്ചു. ശബ്ദമലിനീകരണ നിയമപ്രകാരം, താമസ സ്ഥലങ്ങളിലെ ശബ്ദത്തിന്റെ ഡെസിബെൽ പരിധി പകൽ 55 ഡെസിബെലും രാത്രിയിൽ 45 ഡെസിബെലും ആണ്.















