തൃശൂർ: തൃശൂരിലെ കോൾ കർഷകരുടെ പ്രതിസന്ധിയിൽ തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജൂണിൽ ആവശ്യപ്പെട്ട റിപ്പോർട്ട് പോലും ജില്ലാ കളക്ടർ ഇതുവരെയും തന്നിട്ടില്ല എന്നും സുരേഷ് ഗോപി പറഞ്ഞു.
കാര്യാട്ടുകര കോൾപടവിലെയും പുല്ലഴി കോൾപടവിലെയും കനത്ത മഴയിൽ കൃഷിനാശം സംഭവിച്ച മുഴുവൻ കർഷകരെയും, കൃഷിയിടങ്ങളും നേരിട്ടു കാണുകയായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി
“ഏനാമാവ് ബണ്ടിൽനിന്ന് ഉപ്പുവെള്ളം കോൾ പാടത്തേക്ക് കയറുന്നതുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട് ചോദിച്ചത്. തുടർച്ചയായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും നൽകാത്തതിന് പിന്നിൽ രാഷ്‌ട്രീയക്കളിയുണ്ട് . തൃശൂരിലെ രാഷ്ട്രീയക്കളിയാണ് കോൾ കർഷകരുടെ പ്രതിസന്ധിക്ക് പരിഹാരമാകാത്തതിന് കാരണം.” അദ്ദേഹം പറഞ്ഞു.
ഡിസംബറിൽ കനത്ത മഴയിൽ വെള്ളം കയറി കൃഷി നശിച്ച കോൾ പാടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രശ്നപരിഹാരത്തിന് വിവിധ വകുപ്പുകളെ ക്രോഡീകരിച്ച് യോഗം വിളിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.