ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. രാജ്യത്തിന്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ രാഷ്‌ട്രപതിക്കൊപ്പം ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുക്കുകയാണ്.
രാഷ്‌ട്രപതിയെയും മറ്റ് വിശിഷ്ട അതിഥികളെയും അഭിവാദ്യം ചെയ്ത് ഇൻഡോനേഷ്യൻ സൈനിക സംഘം കർത്തവ്യ പഥിലൂടെ മാർച്ച് ചെയ്തു. 352 സൈനികരും ബാൻഡ് സംഘവുമാണ് പരേഡിന്റെ ഭാഗമായത്. ഇന്തോനേഷ്യയിലെ മിലിട്ടറി അക്കാദമി ബാൻഡിലെ 190 അംഗങ്ങളും മറ്റ് 152 സൈനികരുമാണ് മാർച്ചിൽ പങ്കെടുത്തത്. ഇതാദ്യമായാണ് ഇന്തോനേഷ്യൻ സൈനിക സംഘം മറ്റൊരു രാജ്യത്തെ ദേശീയ ദിന പരേഡിൽ പങ്കെടുക്കുന്നത്.
ഇന്ത്യയിലേക്ക് ആദ്യ സന്ദർശനത്തിനെത്തിയ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ രാജ്യത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്ന നാലാമത്തെ ഇന്തോനേഷ്യൻ പ്രസിഡൻ്റാണ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിനായി രാഷ്‌ട്രപതി ഭവനിൽ പ്രത്യേക വിരുന്ന് സംഘടിപ്പിക്കുകയും ചെയ്തു.