76-ാം റിപ്പബ്ലിക് ദിന പരേഡിൽ പ്രതിരോധ കരുത്തുകാട്ടി ഇന്ത്യൻ സൈന്യം. പ്രതിരോധ മേഖലയിലെ അതിനൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനാണ് കർത്തവ്യപഥിൽ ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വാശ്രയ കുതിപ്പിനൊപ്പം ഇന്ത്യൻ പ്രതിരോധ സേനയുടെ തന്ത്രപരമായ കരുത്തും പ്രകടിപ്പിക്കാനായി.
തദ്ദേശീയമായി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ബാറ്റിൽഫീൽഡ് സർവൈലൻസ് സിസ്റ്റം (IBSS), ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റം, ആകാശ വെപ്പൺ സിസ്റ്റം എന്നിവയാണ് പരേഡിൽ സൈന്യം പ്രദർശിപ്പിച്ചത്. ഇന്ത്യൻ ആർമിയും ഭാരത് ഇലക്ട്രേണിക്സ് ലിമിറ്റഡും സംയുക്തമായാണ് IBSS വികസിപ്പിച്ചത്. ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കമാൻഡർമാർക്ക് കര, വ്യോമ വിവരങ്ങൾ ഒറ്റ ഗ്രിഡിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. നിരീക്ഷണം ശക്തമാക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ലഫ്. കേണൽ ശ്രുതിക ദത്തയാണ് ഇതിന്റെ പ്രദർശനത്തിന് നേതൃത്വം നൽകിയത്.
അടുത്തത് ഷോർട്ട് സ്പാൻ ബ്രിഡ്ജിംഗ് സിസ്റ്റമാണ് പ്രദർശിപ്പിച്ചത്. നദികളും കനാലുകളും പോലുള്ള ഭൂമിശാസ്ത്രപരമായ തടസങ്ങളെ തടയാൻ ഈ സംവിധാനം സഹായിക്കും. നാല് പേർക്ക് എട്ട് മുതൽ പത്ത് മിനിറ്റിനുള്ളിൽ ഈ സംവിധാനം സജ്ജമാക്കാൻ സാധിക്കും. 70 ടൺ ഭാരമുള്ള ടാങ്കുകളെ വഹിക്കാനും 9.5 മീറ്റർ വരെയുള്ള ഗ്യാപ് പരിഹരിക്കാനും ഇതിന് സാധിക്കും. 9 റാപ്പിഡ് എഞ്ചിനീയർ റെജിമെന്റിലെ മേജർ കെ. ജോൺ അബ്രഹാമാണ് ഇതിന്റെ പ്രദർശനത്തിന് നേതൃത്വം നൽകിയത്.
ഇതിന് പിന്നാലെ ആകാശ വെപ്പൺ സിസ്റ്റമാണ് പ്രദർശിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ എയർ ഡിഫൻസ് സിസ്റ്റമാണ് ഇത്. കരയിൽ നിന്ന് ആകാശത്തേക്ക് മിസൈലുകൾ തൊടുത്തുവിടാൻ ഈ സംവിധാനത്തിനാകും. 150 കിലോമീറ്റർ വരെ നിരീക്ഷണ പരിധിയും 25 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ പ്രതിരോധിക്കാനും ഇതിന് സാധിക്കും. സൈന്യവും വ്യോമസേനയും ഈ സംവിധാനം ഉപയോഗിച്ചുവരുന്നു.















