തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് സംഗീതജ്ഞ കെ. ഓമനക്കുട്ടിയമ്മ. തീർത്തും അപ്രതീക്ഷിതമായ നേട്ടമാണെന്നും അച്ഛനമ്മമാർക്കും ഭർത്താവിനും ഗുരുക്കന്മാർക്കും നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു.
അഞ്ചൽ പനയംഞ്ചേരിയിലെ ക്ഷേത്രത്തിൽ തുലാഭാരം ഉണ്ടായിരുന്നു. അതിന് പോയി വന്നപ്പോഴാണ് ഈ വാർത്ത വരുന്നത. ഈശ്വരാനുഗ്രഹമാണെന്ന് ഓമനക്കുട്ടിയമ്മ പറഞ്ഞു. അച്ഛനമ്മമാരുടെയും ഭർത്താവിന്റെയും അനുഗഹ്രം കൊണ്ടാണ് തനിക്ക് പുരസ്കാരം ലഭിച്ചത്. എന്നെക്കാളും കഴിവുള്ളവരുണ്ടാകാം. അവരൊക്കെ ഉള്ളപ്പോഴും തനിക്ക് പുരസ്കാരം ലഭിച്ചത് ഭാഗ്.മായി കരുതുന്നുവെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
അച്ഛനാണ് ആദ്യ ഗുരു. ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, ജിഎൻ ബാലസുബ്രഹ്മണ്യം, മാവേലിക്കര പ്രഭാവർമ തുടങ്ങിയവരാണ് തന്റെ ഗുരുക്കന്മാരെന്നും അവർ പറഞ്ഞു. എന്നിലൂടെ അവരെയാണ് താൻ സ്മരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിനാണ് പത്മശ്രീ ബഹുമതി ലഭിച്ചിരിക്കുന്നത്. 24-ാം വയസിൽ മദ്രാസ് മ്യൂസിക് അക്കാദമിയിൽ കച്ചേരി അവതരിപ്പിച്ചു. സംഗീതപഠനത്തിലേക്ക് തിരിയാൻ പ്രേരണയായത് ജിഎൻ ബാലസുബ്രഹ്മണ്യമാണ്. ആകാശവാണിയിലെ അനൗൺസർ ജോലി രാജി വച്ചാണ് അദ്ധ്യാപികയായത്. കെഎസ് ചിത്രയടക്കം നിരവധി പ്രമുഖർ ഓമനക്കുട്ടിയമ്മയുടെ ശിഷ്യരായിട്ടുണ്ട്. സംഗീത സംവിധായകനായിരുന്ന എംജി രാധാകൃഷ്ണൻ, ഗായകൻ എംജി ശ്രീകുമാർ എന്നിവർ സഹോദരങ്ങളാണ്.
കർണാടക സംഗീതജ്ഞനായിരുന്ന മലബാർ ഗോപാലൻ നായരുടെയും സംഗീതാദ്ധ്യാപിക ഹരിപ്പാട് മേടയിൽ കമലാക്ഷി മാരാസ്യാരുടെയും മകളായി 1943-ൽ ഹരിപ്പാടാണ് കെ. ഓമനക്കുട്ടിയമ്മയുടെ ജനനം. പത്താം വയസിൽ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര സന്നിധിയിലായിരുന്നു അരങ്ങേറ്റം. സുവോളജിയിൽ ബിരുദമെടുത്ത ശേഷം സംഗീത കോളേജിൽ നിന്ന് ഗാനപ്രവീണും പിന്നീട് തിരുവനന്തപുരം ഗവ. വനിതാ കോളേജിൽ നിന്ന് സംഗീതത്തിൽ ബിരുദാന്തര ബിരുദവും നേടി.