ആ‍ർ വൈശാലിക്ക് കൈ കൊടുക്കാതെ ഉസ്ബെക്ക് താരം: അന്യസ്ത്രീകളെ സ്പർശിക്കുന്നത് മതപരമായി വിലക്കെന്ന് വിശദീകരണം

Published by
Janam Web Desk

ടാറ്റ സ്റ്റീൽസ് മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിനിടെ ഇന്ത്യൻ ​ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിക്ക് ഹസ്തദാനം നൽകാതെ പിന്മാറിയ ഉസ്ബെക്ക് താരം വിവാദത്തിൽ. ഉസ്ബെക്കിസ്ഥാന്റെ ​ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ് ആണ് ഇത്തരത്തിൽ പെരുമാറിയത്. ഇതിന്റെ വീഡി‌യോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് താരം വിവാദത്തിലായത്. ഇതിന് പിന്നാലെ യാക്കുബോയെവ് വിശദീകരണവുമായി രം​ഗത്തുവരികെയും ചെയ്തു. മതപരമായ വിലക്കുള്ളതിനാലാണ് അന്യ സ്ത്രീകളെ സ്പർശിക്കാതിരുന്നതെന്നാണ് വിശദീകരണം. ടൂർണമെന്റിലെ നാലാം റൗണ്ട് മത്സരത്തിന് മുന്നോടിയായിരുന്നു സംഭവം.

ഉസ്ബെക്ക് താരം ഇരിപ്പിടത്തിലേക്ക് എത്തുമ്പോൾ കസേരയിൽ ഇരുന്ന വൈശാലിക്ക് എതിർ താരത്തിന് നേരെ ഹസ്തദാനത്തിനായി കൈ നീട്ടി. എന്നാൽ യാക്കുബോയെവ് ഇത് നിരസിച്ച് കസേരയിൽ ഇരിക്കുകയായിരുന്നു. ഇയാളുടെ നടപടിയിൽ വൈശാലി ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊരുത്തപ്പെടുകയായിരുന്നു. മത്സരത്തിൽ ഉസ്ബെക്ക് താരം തോറ്റു. പിന്നീട് വൈശാലി ഹസ്തദാനം നൽകാൻ മുതിർന്നുമില്ല. അന്യസ്ത്രീകളെ സ്പർശിക്കുന്നതിൽ വിലക്കുള്ളതിനാലാണ് ഹസ്തദാനം നൽകാതിരുന്നതെന്നും വൈശാലിക്ക് അപമാനമുണ്ടായതായി തോന്നിയാൽ ക്ഷമ ചോദിക്കുന്നതായും നോദിർബെക് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Share
Leave a Comment