ഭോപ്പാൽ: മഹാകുംഭമേളയെ അധിക്ഷേപിച്ച് എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ? നിങ്ങൾക്ക് ഭക്ഷണം കിട്ടുമോ തുടങ്ങി കുംഭമേളയെ അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവിന്റെ വാക്കുകൾ. മദ്ധ്യപ്രദേശിലെ മോവിൽ ‘നടന്ന ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലിയിലാണ് ഖാർഗെയുടെ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ.
റാലിയിൽ പങ്കെടുത്തവർ തന്നെ ഇതിനെ ചോദ്യം ചെയ്തതോടെ സംഗതി പന്തിയല്ലെന്ന് ഖാർഗെയ്ക്ക് മനസ്സിലായി. ഒടുവിൽ ക്ഷമാപണം നടത്തിയാണ് കോൺഗ്രസ് നേതാവ് സ്ഥലം വിട്ടത്. മതവികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ക്ഷമ ചോദിക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു.
ലോകം മുഴുവൻ മഹാകുംഭമേളയിലേക്ക് ഒഴുകിയെത്തുമ്പോഴാണ് കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം. ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പ്രയാഗ്രാജിൽ എത്തി ഗംഗാ സ്നാനം നടത്തിയിരുന്നു. വരും ദിവസങ്ങളിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും പ്രയാഗിൽ എത്തുന്നുണ്ട്. ഇതിനെ പരിസഹിച്ചു കൊണ്ടായിരുന്നു ഖാർഗെയുടെ പ്രസംഗം. കുംഭമേളയുടെ പ്രാധാന്യം ആഗോളതലത്തിൽ തിരിച്ചറിയുമ്പോഴാണ് കോൺഗ്രസ് ഇതിനോട് മുഖം തിരിച്ച് നിൽക്കുന്നത്.
ഇതാദ്യമായല്ല ഖാർഗെ സനാതന ധർമ്മത്തെ അവഹേളിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹിന്ദു ആരാധനമൂർത്തികളെ അപമാനിച്ച് കൊണ്ടുള്ള ഖാർഗെയുടെ പരാമർശം കടുത്ത പ്രതിഷേധമാണ് ഉയർന്നത്.















