കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസ് എടുത്തത്.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചെന്നാണ് പരാതി. ഇതിന് മുൻപ് 2022ലും ഇതേ നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തിരുന്നു.
ഒരു നടിയോടുള്ള പ്രണയത്തെ കുറിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത് വാർത്ത ആയിരുന്നു. നമ്മുടെ പ്രണയം പൊതുസമൂഹത്തില്‍ വിളിച്ച് പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ടെന്നും മറ്റെന്താണ് വഴി എന്നും അയാൾ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചിരുന്നു . ഫേസ്‌ബുക്കില്‍ നടിയെ ടാഗ് ചെയ്‌ത് നടിയുടെ ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു സനല്‍കുമാറിന്‍റെ പോസ്‌റ്റ്. നടിയുടെ പേര് ഉൾപ്പെടുത്തിയുള്ള ഹാഷ്‌ടാഗും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു സ്‌ത്രീയെ അവള്‍ക്ക് ഇഷ്‌ടമുള്ള വ്യക്‌തിയോട് സംസാരിക്കാന്‍ അനിവദിക്കുന്നില്ലെന്നും അതിന് ശ്രമിച്ചാല്‍ ആ സ്‌ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണ് സനല്‍കുമാര്‍ അവകാശപ്പെടുന്നത്.
അതേസമയം സംവിധായകന്‍റെ പോസ്‌റ്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നത്. ഇനിയെങ്കിലും ഈ പരിപാടി നിര്‍ത്താനാണ് ജനങ്ങള്‍ സംവിധായകനോട് അഭ്യര്‍ത്ഥിക്കുന്നത്.















