ന്യൂഡൽഹി: കൈലാസ-മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയായി.ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചൈനീസ് വിദേശകാര്യ സെക്രട്ടറി സൺ വെയ്‌ഡോങ്ങുമായി ബീജിങ്ങിൽ വെച്ച് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനും ധാരണയായി. 2025 ലെ വേനൽക്കാലത്ത് കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇരുപക്ഷവും ചേർന്ന് തീരുമാനിച്ചെന്ന് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പറഞ്ഞു.
ടിബറ്റിലെ കൈലാസ പർവതവും മാനസരോവർ തടാകവും സന്ദർശിക്കുന്ന യാത്ര 2020 ൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതിർത്തി കടന്ന് ഒഴുകുന്ന നദികളുമായി ബന്ധപ്പെട്ട ജലശാസ്‌ത്ര ഡാറ്റയും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല സംവിധാനത്തിന്റെ ഒരു യോഗം നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.
ഒക്ടോബറിൽ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ ധാരണയായതനുസരിച്ച്, ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ അവലോകനം ചെയ്യുകയും ബന്ധം സുസ്ഥിരമാക്കാനും പുനർനിർമ്മിക്കാനും ചില ജനകേന്ദ്രീകൃത നടപടികൾ സ്വീകരിക്കാനും സമ്മതിച്ചു.















