പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനേയും കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. നാലു പൊലീസ് സംഘങ്ങളാണ് ചെന്താമരയെ അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ചെന്താമരയെ സംബന്ധിച്ച് ഒരു സൂചനയും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. രണ്ടുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഇനിയും കണ്ടെത്താൻ സാധിക്കാതായതോടെ വലിയ ഭയപ്പാടിലാണ് പോത്തുണ്ടിയിലെ നാട്ടുകാർ.നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ഇന്നലെ രാത്രി ഏറെ വൈകിയും പലയിടത്തും തിരച്ചിൽ നടന്നു . 2019ൽ ആദ്യ കൊലപാതകം നടത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചുതന്നെയാണ് ഇന്നലെയും പരിശോധന നടന്നത് . കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും പോസ്റ്റ്മോർട്ടം ഇന്നു നടക്കും. ലക്ഷ്മിയുടെ സംസ്കാരം ഇന്നു നടത്തും.
പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സജിതയെ ചെന്താമര കൊലപ്പെടുത്തിയത് 2019 ഓഗസ്റ്റ് 31നാണ് . ഈ കേസിന്റെ വിചാരണ അടുത്ത മാസം തുടങ്ങാനിരിക്കേയാണു ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയത്. ഇയാൾ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി സജിതയുടെ ഭർത്താവ് സുധാകരനും മകൾ അഖിലയും നാട്ടുകാരും പൊലീസിൽ പരാതി നൽകിയിരുന്നു.















