മുതുകുളം: മുതുകുളം പാർവ്വതി അമ്മ സ്മാരക സാഹിത്യ പുരസ്കാരം രമേശ് ചെന്നിത്തല എം.എൽ.എ സുധാ മേനോന് സമ്മാനിച്ചു. പാർവ്വതി അമ്മ ട്രസ്റ്റ് ചെയർമാൻ ചേപ്പാട് ഭാസ്കരൻനായർ അദ്ധ്യക്ഷനായ യോഗത്തിൽ കവയിത്രി ഷീജ വക്കം അനുസ്മരണ പ്രഭാഷണം നടത്തി. പുരസ്കാരത്തിന് അർഹമായ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന കൃതി ടി.കെ.വിനോദൻ പരിചയപ്പെടുത്തി.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വംശീയത കൊണ്ടും, രാഷ്‌ട്രീയ അസ്ഥിരത കൊണ്ടും, പ്രകൃതി ദുരന്തങ്ങളാലും സ്ത്രീകളനുഭവിക്കുന്ന സങ്കടങ്ങളുടെ നേർക്കാഴ്ചകളാണ് എഴുത്തുകാരി ഇതിൽ വിവരിക്കുന്നത്. യുദ്ധം കലാപം പ്രകൃതിദുരന്തം എന്നിവയിൽ ഏതൊന്നു സംഭവിച്ചാലും ഇതിലൊക്കെ ഇരയാക്കപ്പെടുന്നത് സ്ത്രീകളാണെന്നത് ഈ പുസ്തകത്തിൽ വ്യക്തമാക്കുന്നു. ഡോ: എം.ടി. സുലേഖ, ഡോ: മ്യൂസ് മേരി ജോർജ്ജ്, ഡോ: നിത്യ പി.വിശ്വം എന്നിവർ അടങ്ങിയ സമിതിയാണ് വിധി നിർണ്ണയം നടത്തിയത്.15000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം
സാഹിത്യ മത്സര വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജ്യോതിപ്രഭയും, ചികിത്സാ സഹായങ്ങൾ ട്രസ്റ്റ് രക്ഷാധികാരി ഡോ: ടി.കെ.ബാലചന്ദ്രനും വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി ആശംസ അർപ്പിച്ചു.സുധാ മേനോൻ മറുപടി പ്രസംഗം നടത്തി. അർ.മുരളീധരൻ സ്വാഗതവും എൻ.രാമചന്ദ്രൻ നായർ കൃതജ്ഞതയും പറഞ്ഞു.