തെരുവോരങ്ങളുടെ മുഖം മിനുക്കാനായി ആരംഭിച്ച ‘നിലാവ്’ പദ്ധതി വെളിച്ചം കാണാതെ പാതിവഴിയിൽ നിലച്ചു. തെരുവു വിളക്കുകളിലെ പരമ്പരാഗത ബൾബ് മാറ്റി എൽഇഡി ബൾബിടുന്ന പദ്ധതിയിൽ ഖജനാവിന് നഷ്ടം 243 കോടി രൂപയാണ്. പത്തര ലക്ഷം പഴയ ബൾബുകൾ മാറ്റാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 3, 60,976 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്.
കിഫ്‌ബി വഴിയാണ് പദ്ധതിക്കായി തുക അനുവദിച്ചത്. പദ്ധതി പ്രകാരം ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് മാത്രമാണ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഇതിനായി മാറ്റി വച്ച തുകയുടെ 84 ശതമാനവും ചെലവായി. 289.82 കോടി രൂപയിൽ 243 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂറായി നൽകുകയായിരുന്നു.
വൈദ്യുതി ബോർഡിന്റെ സർവേയുടെ അടിസ്ഥാനത്തിലാണ് എൽഇഡി ബൾബുകൾ ഇടാൻ തീരുമാനിച്ചത്. 60 ലക്ഷം വൈദ്യുതി തൂണുകളാണ് ബോർഡിനുള്ളത്. 16.24 ലക്ഷത്തിന്റെ തെരുവുവിളക്ക് സ്ഥാപിച്ചിരുന്നു. ഇതിൽ 10.5 ലക്ഷം തൂണുകളിലെ പഴയ ബൾബുകൾ മാറ്റി എൽഇഡി ഇടാനായിരുന്നു പദ്ധതി. 2021 ഫെബ്രുവരിയിലാണ് നിലാവ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. രണ്ട് മാസത്തിനകം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
പദ്ധതിക്കായി അഞ്ച് ലക്ഷത്തോളം എൽഇഡി ബൾബുകളാണെത്തിച്ചത്. 3,60,976 എണ്ണം മാത്രമാണ് മാറ്റിയിട്ടത്. അതിൽ 73,922 എണ്ണം കേടായി. വിവരം നിരന്തരം അറിയിച്ച് 13,694 എണ്ണം നന്നാക്കിയിട്ടുണ്ട്.















