മെഹ്സാന: മലദ്വാരത്തിൽ കംപ്രസർ പൈപ്പ് കയറ്റി ഉയർന്ന മർദ്ദത്തിൽ വായു കടത്തിവിട്ടതിനെ തുടർന്ന് പരിക്കേറ്റ യുവാവ് മരിച്ചു. ആന്തരിക പരിക്കുകളെ തുടർന്ന് ആശുപത്രിയിലെത്തിയ പ്രകാശ് എന്ന യുവാവ് തിങ്കളാഴ്ചയാണ് മരിച്ചത്. പ്രകാശിന്റെ ബന്ധുവായിരുന്നു പൈപ്പ് കയറ്റിയതും വായു കടത്തിവിട്ടതും. കാര്യത്തിന്റെ ഗൗരവം തിരിച്ചറിയാതെ തമാശയ്‌ക്ക് ചെയ്ത പ്രവൃത്തിയായിരുന്നു യുവാവിന്റെ ജീവനെടുത്ത്. അഹമ്മദാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെ മെഹ്സാന എന്ന നഗരത്തിലാണ് സംഭവം നടന്നത്.
മെറ്റൽ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരന്റെ സുഹൃത്തുക്കളും പ്രകാശിന്റെ ബന്ധുവും ചേർന്നായിരുന്നു മലദ്വാരത്തിൽ പൈപ്പ് കയറ്റിയത്. തുടർന്ന് ഉയർന്ന മർദ്ദത്തിലുള്ള വായു കടത്തിവിടുകയായിരുന്നു. പിന്നാലെ ഛർദ്ദിച്ച് അവശനായ പ്രകാശ് ബോധരഹിതനായി വീണു. ഉടൻ തന്നെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രകാശിന്റെ സഹോദരൻ ഘേവാഭായിയുടെ മൊഴി പ്രകാരം, ഇവരുടെ ബന്ധു അൽപേഷാണ് കംപ്രസർ പൈപ്പ് ഉപയോഗിച്ചത്. ഘേവാഭായിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















