പാലക്കാട്: കൊലക്കേസിൽ ജാമ്യത്തിലറങ്ങി രണ്ടുപേരെ വെട്ടിക്കാെന്ന പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ നാട്ടുകാർ കണ്ടെന്ന് വിവരം. പൊലീസും ഇത് ചെന്താമരയാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. രണ്ടുദിവസമായി പ്രതിക്കായി വ്യാപക തെരച്ചിലാണ് പൊലീസും നാട്ടുകാരും നടത്തുന്നത്.
മാട്ടായി ക്ഷേത്രത്തിന് സമീപത്താണ് നാട്ടുകാരിലൊരാൾ കൊലപാതകിയെ കണ്ടതെന്നാണ് സൂചന. പൊലീസുകാരും നാട്ടുകാരുമടക്കം നൂറിലേറെ പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. പ്രതി ഇരുട്ട് മറയാക്കി ഓടിരക്ഷപ്പെട്ടെന്നാണ് വിവരം. കാടുപിടിച്ച പ്രദേശമാണിത്.
ചെന്താമരയെ തന്നെയാണ് കണ്ടതെന്ന് ഡിവൈഎസ്‌പിയും പ്രതികരിച്ചു. മട്ടായി ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിലിരുന്നവരിൽ ഒരാളാണ് ഇയാളെ കണ്ടത്. നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.കൂടുതൽ നാട്ടുകാരും പൊലീസും പ്രദേശത്ത് അരിച്ചുപെറുക്കുന്നുണ്ട്. ഇയാൾ പ്രദേശത്ത് തന്നെയുണ്ടെന്നാണ് സൂചന.