ന്യൂഡൽഹി: യമുനയെ ഹരിയാന സർക്കാർ വിഷമയമാക്കിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആരോപണം പൊളിച്ചടുക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനയെ വിഷപ്പതയിൽ മുക്കിയത് അയൽ സംസ്ഥാനമായ ഹരിയാനയാണെന്ന കെജ്‌രിവാളിന്റെ വാദമാണ് അമിത് ഷാ പൊളിച്ചത്. വാസ്തവിരുദ്ധമായ ആരോപണമാണ് കെജ് രിവാൾ ഉന്നയിക്കുന്നതെന്ന് പറഞ്ഞ അമിത് ഷാ ഡൽഹി ജല ബോർഡിന്റെ റിപ്പോർട്ട് പരസ്യമാക്കാനും കെജ് രിവാളിനെ വെല്ലുവിളിച്ചു.
ഡൽഹിയിലെ കൽക്കാജി നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. യമുനയിൽ വിഷം കലർത്തുന്നുവെന്ന് പറഞ്ഞ കെജ് രിവാൾ ഏത് തരത്തിലുള്ള വിഷമാണെന്ന് ഡൽഹിയിലെ ജനങ്ങളോട് പറയണം. അങ്ങനെയുണ്ടെങ്കിൽ യമുനയിലെ ഈ വെള്ളം ഡൽഹിയിലേക്ക് വിടുന്നത് തടയണമെന്ന സർക്കാർ ഉത്തരവ് കെജ് രിവാളിന് കാണിക്കാനാകുമോയെന്നും അമിത് ഷാ ചോദിച്ചു. ഡൽഹിയിലെ ജനങ്ങളെ രക്ഷിക്കാനായി എന്തുകൊണ്ടാണ് അങ്ങനെ ഉത്തരവിറക്കാതിരുന്നതെന്നും അമിത് ഷാ ചോദിച്ചു.
ജയവും പരാജയവും തെരഞ്ഞെടുപ്പിന്റെ ഭാഗമാണ്. പക്ഷെ നിഷ്‌കളങ്കനായി ചമഞ്ഞ് ഹരിയാന സർക്കാരിനെ പഴിചാരി ഡൽഹിയിലെ ജനങ്ങളെ ഭീതിയിലാക്കുകയാണ് യഥാർത്ഥത്തിൽ കെജ് രിവാൾ ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. രാഷ്‌ട്രീയം ഒരിക്കലും ഇത്രയും വൃത്തികെട്ട നിലയിലേക്ക് തരംതാഴ്‌ത്തരുതെന്നും അമിത് ഷാ പറഞ്ഞു.
ഹരിയാന ഭരിക്കുന്ന ബിജെപി സർക്കാർ വ്യവസായ മാലിന്യങ്ങൾ യമനുയിലേക്ക് മനപ്പൂർവ്വം ഒഴുക്കിവിടുന്നതായും നദിയിൽ വിഷം കലക്കി ഡൽഹിയിലെ ജനങ്ങളെ കൊല്ലാനാണ് ശ്രമമെന്നുമായിരുന്നു എഎപിയുടെ ആരോപണം. ഡൽഹി ജല ബോർഡ് സിഇഒ ശിൽപ ഷിൻഡെ ഡൽഹി ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ കെജ് രിവാളിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയിരുന്നു.















