നെന്മാറ:നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി. പോത്തുണ്ടി മലയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
രാപകലുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ രാത്രി വൈകി പിടികൂടിയത്. ഇന്നലെ രാത്രി 10.30ഓടെയാണ് ഇയാളെ പിടികൂടിയത്. വൈകിട്ട് ഏഴ് മണിയോടെ ചെന്താമരയെ മട്ടായി ക്ഷേത്ര പരിസരത്ത് കണ്ടെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാരും പൊലീസും തെരച്ചില്‍ തുടങ്ങി. വനമേഖലയില്‍ ഉള്‍പ്പെടെ അരിച്ചു പെറുക്കിയിട്ടും ഇയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാത്രി 9.30 ഓടെ തെരച്ചില്‍ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ട പ്രകാരം നാട്ടുകാർ പിന്‍വാങ്ങി.
എന്നാല്‍ പ്രതി പോത്തുണ്ടി മലയില്‍ തന്നെ ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് പൂര്‍ണമായും പിന്‍വാങ്ങാതെ മലയില്‍ നിന്ന് പുറത്തിറങ്ങാനുളള മൂന്ന് വഴികളിലുംമഫ്റ്റി വേഷത്തില്‍ മറഞ്ഞു നിന്നു. തെരച്ചില്‍ അവസാനിപ്പിച്ചെന്ന് കരുതി ചെന്താമര രാത്രി വൈകി പോത്തുണ്ടി മലയില്‍ നിന്ന് ഇയാളുടെ വീടിന്റെ പിന്നിലെത്തുന്ന വഴിയിലൂടെ ഭക്ഷണം കഴിക്കാനെത്തി. അപ്പോഴാണ് ഇയാളെ പിടികൂടിയത്.
പിടികൂടിയ ശേഷം ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷം പൊലീസ് ഇയാളെ നെന്മാറ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ പിടിയിലായ വിവരമറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ തടിച്ചു കൂടി. പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചതോടെ ഏറെ സാഹസികമായാണ് പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. ഒരു പതർച്ചയുമില്ലാതെയാണ് പ്രതി മൊഴി നൽകിയത്.















