പാലക്കാട് : നെന്‍മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി എത്തിച്ച സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ. പിടികൂടിയ ശേഷം വൈദ്യ പരിശോധന നടത്തിയ ശേഷം പൊലീസ് ഇയാളെ നെന്മാറ സ്റ്റേഷനിലെത്തിക്കുകയായിരുന്നു .
ചെന്താമര പിടിയിലായ വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്റ്റേഷൻ പരിസരത്തു തമ്പടിച്ച നാട്ടുകാർക്കിടയിലൂടെ പ്രതിയെ രാത്രി സ്റ്റേഷനിലെത്തിക്കാനും പൊലീസ് ഏറെ പ്രയാസപ്പെട്ടു. രോഷാകുലരായ നാട്ടുകാർ പ്രതിയെ ആക്രമിക്കാൻ ശ്രമിച്ചു. ഏറെ സാഹസികമായാണ് പ്രതിയെ സ്റ്റേഷനിലേക്കു കയറ്റിയത്. നെന്മാറ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്ന ജനം പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് . ഇവർ ഗേറ്റ് തകർത്തതോടെ നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിവീശി, ഇത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു.
ചെന്താമരയെ സംരക്ഷിക്കാൻ പൊലീസ് ജനങ്ങൾക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു.തുടർന്ന് പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടി. ലാത്തിച്ചാർജിൽ അടികൊണ്ടിട്ടും മാറാതിരുന്ന ജനം പെപ്പർ സ്പ്രേയിൽ പിന്തിരിഞ്ഞോടി. നാട്ടുകാർ വൈകാരികമായി പ്രതികരിച്ചതോടെയാണ് ഒടുവിൽ ലാത്തിച്ചാർജും പെപ്പർ സ്പ്രേ പ്രയോഗവും നടത്തേണ്ടി വന്നത് എന്നാണ് പൊലീസിന്റെ ന്യായീകരണം.
ഒടുവിൽ ഇയാളെ രഹസ്യമായി ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റി. പ്രതിയെ മാറ്റിയത് വളരെ നാടകീയമായിട്ടാണ്. അഞ്ചു പോലീസ് വാഹനങ്ങൾ നെന്മാറ സ്റ്റേഷനിൽ നിന്നും പുറപ്പെട്ടു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ തെറ്റിദ്ധരിപ്പിച്ച് അഞ്ചു വാഹനങ്ങൾ അഞ്ചു വഴിയിലൂടെ കൊണ്ടുപോയി. അഞ്ചു വാഹനങ്ങളുടെ അകമ്പടിയോടെയാണ് പ്രതിയെ നാടകീയമായി ആലത്തൂർ സ്റ്റേഷനിലേക്ക് മാറ്റിയത് . മാധ്യമങ്ങളെയും വഴി തിരിച്ചുവിടാൻ പോലീസ് ശ്രമിച്ചു
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. പുലർച്ചെ 1.30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.















