ന്യൂഡൽഹി: അവിശ്വാസിയായതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സഫിയ പി.എം സമർപ്പിച്ച ഹർജിയിലാണ് നടപടി.
തന്റെ ഏകമകൾക്ക് മുഴുവൻ സ്വത്തും ലഭിക്കണമെന്നും ഇക്കാര്യത്തിൽ ശരിയത്ത് നിയമം തനിക്ക് ആവശ്യമില്ലെന്നും സഫിയ വാദിക്കുന്നു. സ്ത്രീ വിരുദ്ധമായതിനാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ.വി വിശ്വനാഥനും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്. സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി താൽപര്യജനകമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുസ്‍ലിമായാണ് ജനിച്ചതെന്നും എന്നാൽ, താൻ ശരിയത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരു ‘പിന്തിരിപ്പൻ നിയമ’മാണെന്ന് കരുതുന്നുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയതായി തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിഅത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്. ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ കിട്ടൂ. ബാക്കി സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഏക സിവിൽ നിയമപ്രകാരം തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശം മകൾക്ക് കിട്ടണമെന്നാണ് സഫിയയുടെ ആവശ്യം. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാൽ മാത്രമേ 1925ലെ മതേതര ഇന്ത്യൻ പിന്തുടർച്ചാവകാശപ്രകാരം സഫിയയുടെ മകൾക്ക് മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കൂ.
ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കിൽ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതിനാൽ, ഭരണഘടനയുടെ 32-ാം അനുച്ഛേദം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം) പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് നൽകിയിരുന്നു















