20 രൂപയ്‌ക്ക് ബിരിയാണി വിൽക്കുന്ന റസ്റ്റോറൻ്റിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് റദ്ദാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ മാരിയപ്പൻ റസ്റ്റോറന്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് പ്രവർത്തിക്കുന്നത്.
20 രൂപയ്‌ക്ക് നൽകുന്ന ബിരിയാണിയുടെ ഗുണനിലവാരം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർ കെ.ഇളംബാവത്തിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് റസ്റ്റോറന്റിലും അടുക്കളയിലും പരിശോധന നടത്തി. പരിശോധനയിൽ വൃത്തിഹിനമായ സാഹചര്യത്തിലാണ് ബിരിയാണി പാകം ചെയ്യുന്നതെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥർ പരിശോധനയ്‌ക്ക് എത്തിയ സമയത്തും പൂച്ചയും പട്ടിയും അടുക്കളയിൽ വിലസുന്നുണ്ടായിരുന്നു.
അതേസമയം ബിരിയാണിയിൽ ഉപയോഗിക്കുന്നത് കോഴിയിറച്ചി തന്നെയാണ്. എന്നാൽ കഷ്ണങ്ങൾക്ക് പകരം ചതച്ച മാംസമാണ് ഇവർ പാചകത്തിന് ഉപയോഗിച്ചത്. മാംസത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും ലാബ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റസ്റ്റോറന്റിലേക്ക് ഇറച്ചി വിതരണം ചെയ്ത കടയിലും വകുപ്പ് പരിശോധന നടത്തിയിരുന്നു.















