തിരുവനന്തപുരം: മെൻസ് അസോസിയേഷനും രാഹുൽ ഈശ്വറിനും പിന്തുണയുമായി നടി പ്രിയങ്ക. പുരുഷ കമ്മീഷൻ വരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും നടി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രിയങ്ക തന്റെ നിലപാടറിയിച്ചത്.
മെൻസ് അസോസിയേഷൻ വരണമെന്നാണ് അഭിപ്രായം. പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാനും നിയമം കൊണ്ടുവരാനും കമ്മീഷൻ ആവശ്യമാണ്. പല കേസുകളിലും സ്ത്രീകളുടെ പേരോ മുഖമോ പുറത്തുവരില്ല, പുരുഷന്മാരുടേത് വരുന്നു. കേസ് വ്യാജമാണെന്ന് തെളിയുമ്പോൾ എന്താണ് സംഭവിക്കുന്നത്. ആ വ്യാജ കേസിൽ അകപ്പെട്ട പുരുഷന്റെ വീട്ടിലും അമ്മയും ഭാര്യയുമൊക്കെയില്ലേ.. പുരുഷന്മാർക്ക് പലപ്പോഴും നീതി ലഭിക്കാറില്ല. ആരെന്ത് പറഞ്ഞാലും ഞാൻ പുരുഷന്മാരുടെ കൂടെ നിൽക്കും. പുരുഷന്മാരെ സപ്പോർട്ട് ചെയ്യും. തന്നേക്കാൾ ഒരുപടി മുകളിലാണ് പുരുഷന്മാർക്ക് സ്ഥാനം നൽകിയിരിക്കുന്നത്. ഈ സംഘടനയ്‌ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയാണെന്നും പ്രിയങ്ക പറഞ്ഞു.