കണവയെന്ന കൂന്തൽ (കൂന്തൾ) എല്ലാവർക്കും അറിയാവുന്ന മത്സ്യമാണ്. ഇതിന്റെ ജനിതക പ്രത്യേകതകൾ കണ്ടെത്തിയിരിക്കുകയാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (CMFRI). കണവയുടെ ജനിതക പ്രത്യേകതകൾ മനസിലാക്കാൻ സഹായിക്കുന്ന ജീൻ എക്സ്പ്രഷൻ പ്രൊഫൈലുകളാണ് ഗവേഷകർ തിരിച്ചറിഞ്ഞിരിക്കുന്നത്.
CMFRI-ലെ മറൈൻ ബയോടെക്നോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. വികസിത നാഡിവ്യൂഹം, ബുദ്ധിശക്തി, പ്രശ്നപരിഹാര കഴിവുകൾ, നിറം മാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളോട് കൂടിയ ജീവിയാണ് കൂന്തൽ. മനുഷ്യൻ ഉൾപ്പടെയുള്ള ഉയർന്ന കശേരുകികളുമായി കൂന്തലിന് ജനിതകസാമ്യമുള്ളതായി ഗവേഷണത്തിൽ കണ്ടെത്തി.
കണവയുടെ മസ്തിഷ്ക വികാസം സങ്കീർണമായ ഒന്നാണ്. ന്യൂറൽ സർക്യൂട്ടുകൾ, ഓർമ്മ, നാഡീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ വികസിപ്പിക്കാനും ഇത് സഹായിക്കും. എല്ലാ ജീവജാലങ്ങളുടെയും ബുദ്ധിശേഷി, മസ്തിഷ്ക വികാസം, പരിണാമം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സുപ്രധാന മാതൃക ജീവിവർഗമാണ് (മോഡൽ ഓർഗാനിസം) കൂന്തലെന്ന് ഈ പഠനത്തിലൂടെ തെളിഞ്ഞെന്നും ഡോ.സന്ധ്യ പറഞ്ഞു. ഈ പുതിയ കണ്ടെത്തൽ സമുദ്ര മേഖലയ്‌ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് തീർച്ച.















