ന്യൂഡൽഹി: മുത്തലാഖുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങൾ തേടി സുപ്രീംകോടതി. 2019ൽ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിന് ശേഷം രജിസ്റ്റർ ചെയ്ത എഫ്ഐആർ സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെ ചോദ്യം ചെയ്ത് മുസ്ലീം സംഘടനകൾ സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഷയാറ ബാനോ കേസിൽ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി നേരത്തെ തന്നെ വിധിച്ചതാമെന്നും അതിനാൽ 2019 നിയനം മുസ്ലീം ഭർത്താക്കന്മാരെ ശിക്ഷിക്കാൻ വേണ്ടിയാണെന്നുമാണ് ഹർജിക്കാരുടെ വാദം.
മുത്തലാഖ് നിയമം മുസ്ലീം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. മാർച്ച് മൂന്നാം വാരം ഹർജികളിൽ അന്തിമ വാദം നടക്കും.
2019 ലാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കയത്. 2017 ഓഗസ്റ്റ് 22-ന് മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്നായിരുന്നു കേന്ദ്രസർക്കാർ ബിൽ കൊണ്ടുവന്നത്.















