പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര റിമാൻഡിൽ. ഫെബ്രുവരി 12 വരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തുടർന്ന് ആലത്തൂർ സബ് ജയിലിൽ ചെന്താമരയെ എത്തിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ചെന്താമരയെക്കുറിച്ച് അതിഗുരുതര പരാമർശങ്ങളാണ് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊലപാതകം കൃത്യമായി നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷവാനാണ് പ്രതിയെന്നും വിദഗ്ധമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ചെന്താമര പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാണെന്നും പൊലീസ് പറഞ്ഞു.
പ്രതിയിൽ നിന്ന് തുടർച്ചയായ വധഭീഷണിയാണ് അയൽവാസികൾ നേരിടുന്നത്. കൊല്ലപ്പെട്ട സുധാകരന്റെ രണ്ട് പെൺമക്കൾക്കും ഭീഷണിയുണ്ട്. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികൾക്കും ഭീഷണിയാണ്.
മനസ്താപമില്ലാത്ത കുറ്റവാളിയാണ് ചെന്താമര. കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഇതിനായി ദിവസങ്ങൾക്ക് മുമ്പ് കൊടുവാൾ വാങ്ങി. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം പോത്തുണ്ടി മലയിലേക്ക് ഓടിപ്പോയെന്നും പൊലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കപ്പെട്ട ചെന്താമര മജിസ്ട്രേറ്റിനോട് നടത്തിയ പ്രതികരണങ്ങളും ഞെട്ടിപ്പിക്കുന്നതാണ്. തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്നും 100 വർഷം ജയിലിലടച്ചോളൂവെന്നുമായിരുന്നു ചെന്താമരയുടെ പ്രതികരണം. എല്ലാം ചെയ്തത് ഒറ്റയ്‌ക്കാണ്. ഇനി മകളുടെയും മരുമകന്റെയും മുന്നിൽ തല ഉയർത്തി കാണിക്കാൻ പറ്റില്ല. മകൾ എഞ്ചിനീയറും മരുമകൻ ക്രൈംബ്രാഞ്ചിലുമാണെന്നും ചെന്താമര പറഞ്ഞു.
മനസ്താപമില്ലാതെ പൊലീസുകാർക്കൊപ്പം നടക്കുന്ന ചെന്താമരയുടെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തെല്ലും കുറ്റബോധമില്ലെന്ന് മാത്രമല്ല, കൃത്യം നടപ്പിലാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയായിരുന്നു ചെന്താമരയുടെ മുഖത്ത് നിന്ന് കാഴ്ചക്കാർക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നത്. തങ്ങളുടെ മുന്നിൽ വന്നുപെട്ടാൽ ചെന്താമരയെ കൈകാര്യം ചെയ്യുമെന്ന് നെന്മാറയിലെ നാട്ടുകാർ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിലിറങ്ങിയതിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു രണ്ടുപേരെ കൂടി വെട്ടിക്കൊലപ്പെടുത്തിയത്. 5 വർഷം മുൻപ് കൊലപ്പെടുത്തിയ സ്ത്രീയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയുമാണ് ചെന്താമര രണ്ടാമത് വകവരുത്തിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചത് ചൂണ്ടിക്കാട്ടി ജനങ്ങൾ പരാതി നൽകിയിരുന്നെങ്കിലും ചെന്താമരയ്‌ക്കെതിരെ നടപടിയെടുക്കാൻ പൊലീസ് വൈകിയത് വലിയ ആക്ഷേപം ഉയർത്തിയിരുന്നു. പരാതി കണക്കിലെടുത്ത് ചെന്താമരയെ കോടതിയിൽ ഹാജരാക്കിയിരുന്നെങ്കിൽ ഇരട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.















