മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് ലോകം അംഗീരിക്കുന്ന കാര്യമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. ഇരുകൂട്ടർക്കും ഇപ്പോഴും തുല്യത വന്നിട്ടില്ല. ഇസ്ലാം തുല്യത ആവശ്യപ്പെടുന്ന മതമാണ്. സമസൃഷ്ടിയാണ് ഇസ്ലാമിൽ സ്ത്രീക്കും പുരുഷനുമുള്ളതെന്നും അബ്ദു സമദ് പൂക്കോട്ടൂർ പറഞ്ഞു.
സ്ത്രീയും പുരുഷനും തുല്യരല്ലെന്ന പിഎംഎ സലാമിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് അതിനെ പിന്തുണച്ച് എസ് വൈ എസ് നേതാവും രംഗത്തെത്തിയത്. ഇസ്ലാം നിയമപ്രകാരം സ്ത്രീ എങ്ങനെയാകണമെന്ന് പറയുന്നുണ്ട്. മുസ്ലീങ്ങളുടെ തീരുമാനം അംഗീകരിക്കേണ്ടവർ അംഗീകരിച്ചാൽ മതി. പരിമിതികൾ ഉള്ളവരാണ് സ്ത്രീകൾ. സമത്വമല്ല, ലിംഗനീതിയാണ് വേണ്ടത്. സ്ത്രീയും പുരുഷനും തുല്യരല്ലാത്തതിനാലാണ് ബസിൽ പ്രത്യേക സീറ്റുകളും ട്രെയിനിൽ പ്രത്യേക കോച്ചുകളും അനുവദിക്കുന്നത്. തുല്യതയല്ല, തുല്യനീതിയാണ് ആവശ്യമെന്നും പൂക്കോട്ടൂർ പറഞ്ഞു. സമാനമായ നിലപാടായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.
മെക് 7 കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സ്ത്രീ-പുരുഷ സമത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. പുരുഷനും സ്ത്രീയും ഒരുമിച്ച് വ്യായാമം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ മുസ്ലീം സംഘടനകൾ സമാന അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയത്. സ്ത്രീയും പുരുഷനും ഒരുമിച്ച് ഇടപഴകുന്ന പരിപാടികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഇസ്ലാം മത സംഘടനകളുടെ നിലപാട്.















