ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം. വി സരള. ഷെറിൻ മാനസാന്തരപ്പെട്ടെന്നും ജയിയിലെ നല്ല നടപ്പ് പരിഗണിച്ചാണ് ഇളവിന് ശുപാർശ ചെയ്തതെന്നും സരള പറയുന്നു. എല്ലാ കാലത്തും ഒരാളെ കുറ്റവാളിയായി കാണരുത്. പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്നും മോചിപ്പിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളതാണെന്നും ഇവർ പറയുന്നു.
അസാധാരണ വേഗത്തിലാണ് ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സർക്കാർ തീരുമാനം. ഒറ്റ മാസം കൊണ്ടാണ് ജയിൽ സമിതിയുടെ ശുപാർശയ്‌ക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. 20 വർഷത്തിൽ കൂടുതൽ കാലം ശിക്ഷ അനുഭവിച്ച രോഗികളെ വിട്ടയക്കണമെന്ന ജയിൽ സമിതിയുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിൻ പുറത്തേക്ക് ഇറങ്ങുന്നത്. മന്ത്രിമാരുടെ പരിഗണന ഉൾപ്പടെ ഇവർക്ക് ലഭിച്ചതായാണ് വിവരം.
ജയിൽ വകുപ്പ് സ്ഥിരം പ്രശ്നക്കാരിയെന്ന് മുദ്ര കുത്തിയ തടവുക്കാരിക്കാണ് അതിവേഗം മോചനം സാധ്യമാക്കാനുള്ള സർക്കാരിന്റെ തീരുമാനം. സെൻട്രൽ ജയിലിലെ ഉപദേശക സമിതികളാണ് തടവുകാരുടെ മോചനം സംബന്ധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുന്നത്. ഈ ശുപാർശയിലാണ് സർക്കാർ തീരുമാമെടുക്കുന്നത്. സർക്കാർ അംഗീകാരം നൽകിയാലും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഗവർണറുടേതാണ്.
2009-ലാണ് ഭർതൃപിതാവ് ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ ഷെറിൻ ഉൾപ്പടെയുള്ളവർ പിടിയിലാകുന്നത്. ഷെറിന്റെ സുഹൃത്തുക്കളായ ബിബീഷ്, നിതിൻ, ഷാനു റഷീദ് എന്നിവരും അറസ്റ്റിലായിരുന്നു. 2010-ലാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.















