തിരുവനന്തപുരം: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീലാ സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവം ഇനി പോലീസ് അന്വേഷിക്കും. എക്സൈസ് ക്രൈംബ്രാഞ്ച് ആയിരുന്നു ഇതേവരെ ഈ കേസ് അന്വേഷിച്ചിരുന്നത്. കേസ് പോലീസ് അന്വേഷിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് എറ്റെടുക്കുന്നതു സംബന്ധിച്ച വിവരം പോലീസ് എക്സൈസിനെ അറിയിച്ചിട്ടുണ്ട്.
ഷീല സണ്ണിയെ കേസിൽ കുടുക്കിയ എം.എൻ. നാരായണദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.ഹർജിക്കാരൻ ഏഴുദിവസത്തിനകം കീഴടങ്ങണം ഇല്ലെങ്കിൽ പോലീസിന് അറസ്റ്റുചെയ്യാമെന്നും കോടതി പറഞ്ഞു. കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് മൂന്നുമാസത്തിനകം അന്തിമറിപ്പോർട്ട് സമർപ്പിക്കണം. നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ തീരുമാനിച്ചതായും ഹർജിക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും സർക്കാർ വാദിച്ചു.
ഗൂഢാലോചന ഉൾപ്പെടെയുള്ളതിനാലാണ് അന്വേഷണം പോലീസിലേക്കെത്തുന്നത്. അന്വേഷണത്തിനായി അടുത്തദിവസംതന്നെ പ്രത്യേകസംഘത്തെ നിയോഗിക്കും.
2023 മാർച്ച് 27-നാണ് ഷീലാ സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽ.എസ്.ഡി. സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചത്. തുടർന്ന് ഷീല 72 ദിവസം ജയിലിലായി. രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യമില്ലെന്ന് കണ്ടെത്തി. തുടർന്ന് ജയിൽമോചിതയായി. ഷീലയുടെ പേരിലുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.ഷീലയെ ചതിയിൽപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞതിനെത്തുടർന്ന് നാരായണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് പ്രതിയാക്കി.
ഷീലാ സണ്ണിയും മരുമകളുംതമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഷീലയെ കുടുക്കാൻ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികളെ ശിക്ഷിക്കുന്നതിനുപുറമേ പരമാവധി നഷ്ടപരിഹാരവും വിചാരണക്കോടതി പരിഗണിക്കുമെന്ന വിശ്വാസവും കോടതി പ്രകടിപ്പിച്ചു.















