എറണാകുളം: കൊച്ചി കോര്‍പ്പറേഷനിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍.കൊച്ചിൻ കോർപ്പറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഖിൽ ജിഷ്ണുവിനെയാണ് പണം കൈപ്പറ്റുന്നതിനിടയിൽ വിജിലൻസ് പിടി കൂടിയത്. സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനായി ഉടമയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് അപേക്ഷകൻ വിജിലന്‍സിനെ വിവരം അറിയിച്ചു. വിജിലന്‍സ് പറഞ്ഞ പ്രകാരം ഇയാള്‍ ആലുവയിലെ വാടക വീട്ടിലെത്തുകയായിരുന്നു.
പെരിന്തൽമണ്ണ സ്വദേശിയായ അഖിൽ ജിഷ്ണു വാടകക്ക് താമസിക്കുന്ന ആലുവ കൊടികുത്തുമലയിൽ വച്ചാണ് പരാതിക്കാരനിൽ നിന്ന് പതിനായിരം രൂപ കൈപറ്റിയത്. വിജിലൻസ് ഫിനോഫ്തലിൻ പൊടി വിതറി നൽകിയ നോട്ടുകളാണ് പരാതിക്കാരൻ കൈമാറിയത്. ഇതാടെ എറണാകുളം വിജിലൻസ് യൂണിറ്റിലെ ഡിവൈ.എസ്.പി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.















