ധാക്ക: അമേരിക്കൻ ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ മകനും ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ (OSF) ചെയർപേഴ്സനുമായ അലക്സാണ്ടർ സോറോസ് ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി കൂടിക്കാഴ്ച നടത്തി.
നാല് മാസത്തിനുള്ളിൽ സോറോസും യൂനുസും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെത്തുടർന്ന് നോബൽ സമ്മാന ജേതാവ് ചുമതലയേറ്റതിന് ശേഷം ആഴ്ചകൾക്ക് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച.
സോറോസിന്റെയും ഒഎസ്എഫ് പ്രസിഡൻ്റ് ബിനൈഫർ നൗറോജിയുടെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇടക്കാല സർക്കാരിന്റെ പരിഷ്‌കരണ അജണ്ടയ്‌ക്ക് പിന്തുണ അറിയിച്ചതായി ധാക്കയിൽ നടന്ന യോഗത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് യൂനുസ് പറഞ്ഞു.
ഡൊണാൾഡ് ട്രംപ് ഭരണകൂടം ഏഷ്യൻ രാജ്യത്തിനുള്ള വിദേശ സഹായം നിർത്തിയതിന് ദിവസങ്ങൾക്ക് ശേഷം നടന്ന ഈ കൂടിക്കാഴ്ച ലോക ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
“സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കുന്നതിനും, തട്ടിയെടുത്ത സ്വത്തുക്കൾ കണ്ടെത്തുന്നതിനും, തെറ്റായ വിവരങ്ങൾക്കെതിരെ പോരാടുന്നതിനും, സുപ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ബംഗ്ലാദേശിന്റെ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ നേതൃത്വം ബുധനാഴ്ച മുഖ്യ ഉപദേഷ്ടാവിനെ കണ്ടു,” എന്ന് യൂനുസിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
സാമ്പത്തിക പരിഷ്‌കരണങ്ങൾ, മാധ്യമ സ്വാതന്ത്ര്യം, ആസ്തി വീണ്ടെടുക്കൽ, പുതിയ സൈബർ സുരക്ഷാ നിയമങ്ങൾ, റോഹിങ്ക്യൻ പ്രതിസന്ധിയെ പരിഹരിക്കുക എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങളെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് ന്യൂയോർക്കിൽ വെച്ച് ഇരുവരും ചർച്ചകൾ നടത്തിയപ്പോൾ അലക്സ് സോറോസ് യൂനസിനെ “എന്റെ പിതാവിന്റെ പഴയ സുഹൃത്ത്” എന്ന് പരാമർശിച്ചിരുന്നു.
ബംഗ്ലാദേശിലെ മൈക്രോഫിനാൻസ്, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയുടെ പേരിൽ പ്രസിദ്ധനായ യൂനുസിന് ജോർജ്ജ് സോറോസുമായി സാമ്പത്തിക ബന്ധമുണ്ട്.
കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ ഭരണമാറ്റം പ്രോത്സാഹിപ്പിക്കുന്നതായി സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനെതിരെ ആരോപണമുണ്ട് . കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് റിപോർട്ടുണ്ട്. ബംഗ്ലാദേശിലെ അശാന്തിയിൽ അമേരിക്കയ്‌ക്ക് പങ്കുണ്ടെന്ന് ഹസീന നേരത്തെ ആരോപിച്ചിരുന്നു.