നാവിക സാഗർ പരിക്രമ II ആഗോള പ്രദക്ഷിണത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം മുറിച്ച് കടന്ന് ഇന്ത്യയുടെ വനിതാ നാവികർ. ഇന്ത്യൻ നേവൽ സെയിലിംഗ് വെസൽ (INSV) തരിണിയിലാണ് വനിതാ നാവികർ കരയിൽനിന്നും ഏറെ അകലയെയുള്ള സമുദ്രത്തിലെ ‘പോയിന്റ് നെമോ’ മുറിച്ചുകടന്നത്.
ലെഫ്റ്റനൻ്റ് സിഡിആർ ദിൽന കെയും ലെഫ്റ്റനൻ്റ് സിഡിആർ രൂപ എയുമാണ് കപ്പലിലെ നാവികർ. നാവിക സാഗർ പരിക്രമ II ന്റെ ഭാഗമായി, INSV തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്രഭാഗത്തിലൂടെ കടന്നുപോയെന്നും വനിതാ നാവികരുടെ യാത്ര പ്രതിരോധശേഷി, ധൈര്യം, സാഹസികത എന്നിവയുടെ തെളിവാണെന്നും ഇന്ത്യൻ നാവികസേനയുടെ ഔദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു.
പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന പോയിൻ്റ് നെമോ, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ്. ഇവിടെനിന്നും ഏറ്റവും അടുത്തുള്ള കരയിലേക്കുള്ള അകലം 1,600 മൈൽ ആണ്. ന്യൂസിലാൻഡിനും അൻ്റാർട്ടിക്കയ്‌ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് പലപ്പോഴും ബഹിരാകാശയാത്രികർക്ക് മാത്രമാണ് എത്താൻ സാധിക്കുന്നത്.
2024 ഒക്ടോബർ 2-ന് ഗോവയിൽ നിന്നാണ് തരിണി യാത്ര ആരംഭിച്ചത്. പര്യവേഷണത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കി ഡിസംബർ 22-ന് ന്യൂസിലൻഡിലെ ലിറ്റൽട്ടൺ തുറമുഖത്ത് കപ്പൽ എത്തിയിരുന്നു. ഏറ്റവും ദൈർഘ്യമേറിയ യാത്രയ്‌ക്കായി ഈ മാസം ആദ്യം ക്രൂ ലിറ്റൽട്ടണിൽ നിന്ന് ഫോക്ക്‌ലാൻഡ് ദ്വീപുകളിലെ പോർട്ട് സ്റ്റാൻലിയിലേക്ക് പുറപ്പെട്ടു. ഈ ഘട്ടത്തിലെ ദൂരം ഏകദേശം 5,600 നോട്ടിക്കൽ മൈൽ ആണ്.















