ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ (വെള്ളിയാഴ്ച) കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാലമെന്റിന്റെ മേശപ്പുറത്ത് വയ്‌ക്കും. ചട്ടം അനുസരിച്ച് ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പാണ് ധനമന്ത്രാലയം ഈ നിർണായക രേഖ പാർലമെന്റിൽ എത്തിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് സമ്പൂർണ്ണ ബജറ്റ്. ബജറ്റുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പദമാണ് സാമ്പത്തിക സർവേ. എന്താണ് സാമ്പത്തിക സർവേയെന്ന് വിശദമായി അറിയാം…
കഴിഞ്ഞ ഒരു വർഷത്തെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേ. ഇതിൽ തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം, ബജറ്റ് കമ്മി എന്നിവ വിശദമായി വിലയിരുത്തുകയും മുന്നോട്ടുള്ള നയങ്ങളുടെ ദിശ വ്യക്തമാക്കുകയും ചെയ്യും. സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളാണ് ഇതിന്റെ മുഖ്യ ഉള്ളടക്കം. വിവിധ മേഖലകളിലെ നിക്ഷേപത്തിന്റെ അളവ്, മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജി.ഡി.പി), പണപ്പെരുപ്പം തുടങ്ങി വിവിധ കാര്യങ്ങൾ ഇതിൽ വിശദീകരിക്കും.
പ്രധാനമായും രണ്ട് ഭാഗങ്ങളാണ് സാമ്പത്തിക സർവേക്ക് ഉള്ളത്. ൽ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും സമ്പദ്‌വ്യവസ്ഥയുടെ അവലോകനവുമാണ് ആദ്യഭാഗം. രണ്ടാം ഭാഗത്തിൽ സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മാനവ വികസനം, കാലാവസ്ഥ തുടങ്ങി പ്രത്യേക വിഷയങ്ങൾക്ക് ഊന്നൽ നൽകുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വാർഷിക റിപ്പോർട്ട് കാർഡ് എന്നും സാമ്പത്തിക സർവേയെ വിശേഷിപ്പിക്കാറുണ്ട്.
തയ്യാറാക്കുന്നത്….
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്. നിലവിൽ വി.അനന്ത നാഗേശ്വരനാണ് ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.
ചരിത്രം…
ഇന്ത്യയിൽ 1950-51ലാണ് ആദ്യ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964വരെ പൊതുബജറ്റിനൊപ്പം അവതരിപ്പിച്ചിരുന്ന സർവേ, 1965 മുതൽ ബജറ്റിൽ നിന്ന് വേർപെടുത്തുകയായിരുന്നു.
സാമ്പത്തിക സർവേ സൻസദ് ടിവിയിലും പിഐബി ഇന്ത്യയുടെയും യൂട്യൂബ് ചാനലുകളിലും തത്സമയ സംപ്രേക്ഷണം ചെയ്യും.















