വാഷിംഗ്ടൺ ഡിസി: ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു ആകാശദുരന്തം കൂടി. വാഷിംഗ്ടണിൽ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ എല്ലാവരും മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
യുഎസ് ആർമി ഹെലികോപ്റ്ററിനെ കൂട്ടിയിടിച്ച് ഇരു എയർക്രാഫ്റ്റുകളും നദിയിലേക്ക് പതിച്ചിരുന്നു. 67 പേരാണ് അമേരിക്കൻ എയർലൈൻസ് വിമാനത്തിലുണ്ടായിരുന്നത്. യുഎസ് ആർമിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിൽ മൂന്ന് സൈനികരും ഉണ്ടായിരുന്നു. ഇവരാരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് എമർജൻസി സർവീസസ് ചീഫ് ജോൺ ഡോണെല്ലി പ്രതികരിച്ചു. പോട്ടോമാക് നദിയിൽ നടത്തിയ തെരച്ചിലിൽ ഇതിനോടം 28 പേരുടെ മൃതദേഹം കണ്ടെത്തി.
രക്ഷാപ്രവർത്തനമായാണ് ദൗത്യം ആരംഭിച്ചതെങ്കിലും നിലവിലെ സാഹചര്യത്തിൽ തെരച്ചിൽ ദൗത്യമാക്കി പ്രഖ്യാപിക്കുന്നതായി എമർജൻസി സർവീസ് ടീം പറഞ്ഞു. നദിയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ചില ഭാഗങ്ങളും ലഭിച്ചു. എയർക്രാഫ്റ്റുകളുടെ ശേഷിക്കുന്ന അവശിഷ്ടങ്ങൾക്കും കാണാതായ മറ്റുള്ളവർക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.
ആകാശത്ത് ഇരു എയർക്രാഫ്റ്റുകളും തമ്മിൽ കൂട്ടിയിടിക്കാൻ കാരണമെന്താണെന്ന് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം തുടരുകയാണ്.















