ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് പാർലമെന്റിന്റെ ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. നയപ്രഖ്യാപന പ്രസംഗവും രാഷ്‌ട്രപതി സഭയിൽ അവതരിപ്പിക്കും.
നാളെയാണ് ബജറ്റ് സഭയിൽ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി സാമ്പത്തിക സർവ്വെ റിപ്പോർട്ട് ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്‌ക്കും. വനിതകളെ ലക്ഷ്യമിട്ട് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത് ഉൾപ്പെടെ സാമ്പത്തിക സർവ്വെ റിപ്പോർട്ടിൽ ഉയർത്തിക്കാട്ടും. പ്രതിബന്ധങ്ങളെ അതിജീവിച്ച് രാജ്യം കൈവരിച്ച പുരോഗതിയും സാമ്പത്തിക മേഖലയിലെ ഉണർവ്വും ആത്മനിർഭർ ഭാരത് ഉൾപ്പെടെയുള്ള പദ്ധതികൾ രാജ്യത്തെ സാമ്പത്തിക, വ്യവസായിക രംഗത്ത് കൊണ്ടുവന്ന ഉണർവ്വും റിപ്പോർട്ടിൽ പരാമർശിക്കും.
ജെപിസി അംഗീകരിച്ച വഖ്ഫ് ബില്ല് ഉൾപ്പെടെ ഈ സമ്മേളനത്തിൽ പാർലമെന്റ് ചർച്ച ചെയ്യും. ജെപിസി റിപ്പോർട്ട് ഇന്നലെ സ്പീക്കർക്ക് കൈമാറിയിരുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഫെബ്രുവരി 13 നാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. മാർച്ച് 10 മുതൽ ഏപ്രിൽ നാല് വരെ രണ്ടാം സെഷനും നടക്കും. ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ ബജറ്റ് നിർദ്ദേശങ്ങളിൻമേലുള്ള ചർച്ചകളും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയുമാണ് സഭയിൽ നടക്കുക.















