തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ അമ്മാവൻ ഹരികുമാർ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കരിക്കകം സ്വദേശി ശംഖുമുഖം ദേവീദാസനെന്ന പ്രദീപാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ബാലരാമപുരം സ്‌റ്റേഷനില്‍ എത്തിച്ച ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് പ്രദീപ് നടത്തിയിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കരിക്കകം മേഖലയിലുള്ള ജ്യോത്സ്യനാണ്.
സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപ പ്രദീപിന് നല്‍കിയിരുന്നുവെന്നും കബളിപ്പിക്കപ്പെട്ടെന്ന് മനസിലായപ്പോൾ പേട്ട സ്റ്റേഷനിൽ ശ്രീതു പരാതി നൽകിയെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ശ്രീതുവിനെതിരെ ഭർത്താവും ഭർത്താവിന്റെ അച്ഛനും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ദേവേന്ദുവിന്റെ കൊലപ്പെടുത്തിയതിൽ ശ്രീതുവിന്റെ ഇടപെടലുണ്ടാകാമെന്ന മൊഴിയാണ് ഭർത്താവ് നൽകിയിരിക്കുന്നത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനൊറ്റയ്‌ക്കാണെന്ന് അമ്മാവൻ ഹരികുമാർ മൊഴി നൽകിയെങ്കിലും പൊലീസ് ഇക്കാര്യം പൂർണമായി വിശ്വസിച്ചിട്ടില്ല.















