ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയോടെ പാർലമെന്റെിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ ജീവൻ നഷ്ടമായവർക്ക് രാഷ്‌ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു. മരണമടഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെയും അനുസ്‌മരിച്ചു.
കേന്ദ്രസർക്കാരിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി ഇന്ത്യയെ മാറ്റുമെന്ന് രാഷ്‌ട്രപതി പറഞ്ഞു. വഖഫ്, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. യുവാക്കളുടെ വിദ്യാഭ്യാസത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സ്ത്രീകളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിന് പ്രത്യേക പരിഗണനയാണ് സർക്കാർ നൽകുന്നത്.
സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്ക പ്രയാസ്” എന്നതാണ് എന്റെ സർക്കാരിന്റെ മന്ത്രമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതിയെ രാഷ്‌ട്രപതി പ്രത്യേകം പ്രശംസിച്ചു. ആയുഷ്മാൻ ഭാരത് പോലുള്ള സർക്കാർ പദ്ധതികളിലൂടെ ദശലക്ഷക്കണക്കിന് ആളുകളാണ് ദാരിദ്ര്യത്തിൽ മുക്തി നേടിയത്. മധ്യവർഗത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 3 കോടി ‘ലക്ഷപതി ദീദി’ ആണ് സർക്കാർ ലക്ഷ്യം രാഷ്‌ട്രത്തിന്റെ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ശ്രമങ്ങളിലാണ് സർക്കാർ.
റെയിൽവേ, വ്യോമയാന വ്യവസായ പുരോഗതിയെയും രാഷ്‌ട്രപതി അഭിനന്ദിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 17 പുതിയ വന്ദേ ഭാരത് ട്രെയിനുകളും ഒരു നമോ ട്രെയിനും അവതരിപ്പിക്കാൻ സാധിച്ചതും പ്രവർത്തന മികവിന് ഉദാഹരണമാണ്. ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ മുതൽ രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടികൾ വരെ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചിരുന്നു.















