മുംബൈ: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ നിർണ്ണായ വഴിത്തിരിവ്. പ്രതി മുഹമ്മദ് ഷരീഫുൾ ഇസ്‌ലാമിനെ തന്നെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലും കണ്ടെതെന്ന് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയിലുടെ പൊലീസ് സ്ഥിരീകരിച്ചു.
നടന്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ നിന്നും പ്രതിയുടെ വിരലടയാളം ലഭിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയായിരിന്നു. മാത്രമല്ല സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് തന്റെ മകനല്ലെന്ന അവകാശവാദവുമായി പ്രതിയുടെ പിതാവ് രംഗത്തെത്തിയതും പൊലീസിനെ കുഴക്കിയിരുന്നു. തുടർന്നാണ് കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് പൊലീസ് കടന്നത്.
54-കാരനായ നടൻ ജനുവരി 15-നാണ് സ്വവസതിയിൽ വച്ച് ആക്രമിക്കപ്പെടുന്നത്. അക്രമി ആറു തവണ സെയ്ഫിനെ കുത്തിയെന്നായിരുന്നു ഡോക്ടർമാരുടെ റിപ്പോർട്ട്. പ്രതിയായ ഷെരിഫുൾ ഇസ്ലാം അനധികൃതമായാണ് ഇന്ത്യയിലേക്ക് കടന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ ഇയാൾ ജോലി തേടി മുംബൈയിൽ എത്തിയത്.
മോഷണത്തിന് വേണ്ടിയാണ് നടന്റെ വീട്ടിൽ കയറിയതെന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്.















