കൊച്ചി: പുതിയ മലയാള സിനിമകളുടെ നിർമാണം നിർത്തിവെക്കാൻ നിർമാതാക്കളുടെ സംഘടനയുടെ നീക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ പിന്തുണ തേടി ഫിലിം ചേംബറിനെ സമീപിച്ചു. ജിഎസ്ടിക്ക് പുറമേ സംസ്ഥാന സർക്കാരിന്റെ വിനോദ നികുതി കൂടിയാകുമ്പോൾ സാമ്പത്തിക ബാധ്യത താങ്ങാനാവുന്നില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്.
അഭിനേതാക്കൾക്ക് ഉയർന്ന പ്രതിഫലം നൽകുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള വരുമാനമോ ലാഭമോ സിനിമാ മേഖലയിൽ നിന്ന് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിൽ നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കൾ പ്രതിഫലം കുറച്ചില്ലെങ്കിൽ സിനിമാ നിർമാണം പൂർണമായും നിർത്തിവെക്കേണ്ട സാഹചര്യമുണ്ടാകുമെന്നാണ് നിർമാതാക്കൾ പറയുന്നത്. അഭിനേതാക്കൾക്കുള്ള പ്രതിഫലം ഘട്ടം ഘട്ടമായി നൽകുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായം തേടി താരസംഘടനയായ ‘അമ്മ’യ്‌ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ‘അമ്മ’.
വിനോദ നികുതിയും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലവുമാണ് നിർമാതാക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നത്. ഇത് പരിഹരിക്കാൻ കൂടിയാലോചനയും ചർച്ചയും നടന്നില്ലെങ്കിൽ നിർമാണം നിർത്തിവെക്കുന്നതിലേക്ക് കടക്കേണ്ടി വരുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.















