ന്യൂഡൽഹി: 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവേ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചു.
കഴിഞ്ഞ നാല് വർഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വർഷം വളർച്ച നിരക്കിൽ അൽപ്പം കുറവ് വരുമെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടി. നടപ്പുസാമ്പത്തിക വർഷത്തിൽ ജിഡിപിയിൽ 6.4 ശതമാനം വളർച്ചയാണ് കൈവരിക്കുക. കാർഷിക രംഗത്ത് മുന്നേറിയെങ്കിലും ഉൽപ്പാദന മേഖലിൽ ചെറിയ ഇടിവുണ്ടായി. എന്നാൽ പണപ്പെരുപ്പം നിയന്ത്രണത്തിൽ തുടരും.
രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കടം 2.6 ശതമാനമായി താഴ്ന്നു. 12 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണിത്. രാജ്യത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം ഏപ്രിൽ- നവംബർ കാലയളവിൽ 17.9 ശതമാനം വർദ്ധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
നടപ്പുസാമ്പത്തിക വർഷത്തിലെ സാമ്പത്തിക വികസനത്തിന്റെ സമഗ്രമായ അവലോകനമാണ് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരന്റെ നേതൃത്വത്തിൽ ധനവകുപ്പാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്. നാളെയാണ് പൊതുബജറ്റ്. ഫെബ്രുവരി 13 വരെയാണ് സമ്മേളനത്തിന്റെ ആദ്യഘട്ടം. തുടർന്ന് പിരിയുന്ന സഭ രണ്ടാംഘട്ടത്തിനായി മാർച്ച് 10 ന് വീണ്ടും ചേരും.















