ന്യൂഡൽഹി: 2025 – 26 ലെ കേന്ദ്ര ബജറ്റ് ഇന്ന്. മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ആണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്‌ക്ക് വേണ്ടിയുള്ളതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപിച്ചിരുന്നു.
ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല.
രാജ്യത്തിനും ജനങ്ങള്‍ക്കും പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കും ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പറഞ്ഞിരുന്നു.
ബജറ്റിന് മുന്നോടിയായി ഇന്നലെ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിൽ 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നുറപ്പിക്കുന്നുണ്ട് .
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വരുന്ന സാമ്പത്തിക വർഷത്തിൽ സുസ്ഥിരമായി തുടരുമെന്നു വിലയിരുത്തുന്ന സാമ്പത്തിക സർവേ റിപ്പോർട്ടിൽ കൊവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ മികച്ച സ്ഥിതിയിലാണ് രാജ്യത്തെ വ്യാവസായിക മേഖല എന്നും പറയുന്നു.പണപ്പെരുപ്പം നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിന്റെ സമ്പദ്‌വ്യവസ്ഥ വളർച്ചാ വേഗത കൂട്ടാൻ സഹായിക്കുന്ന നടപടികളിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. അതിൽ നിന്നും മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള ലക്ഷ്യമാണ് മുന്നിലുള്ളത്.















