തിരുവനന്തപുരം: ക്യാൻസർ രോഗിയായ അച്ഛനേയും ഹൃദ്രോഗിയായ അമ്മയേയും മകൾ വീട്ടിൽ നിന്ന് ഇറക്കിവിട്ടു. വർക്കല അയിരൂർ സ്വദേശി സിജിയാണ് മാതാപിതക്കളെ ഇറക്കിവിട്ടത്. സ്വന്തം വീട് വിറ്റ് 35 ലക്ഷം രൂപ നൽകിയിരുന്നുവെന്നും അതിനാൽ മകളുടെ വീട്ടിൽ തങ്ങൾക്കും അവകാശമുണ്ടെന്ന് മാതാപിതാക്കളായ സദാശിവനും സുഷമയും പറഞ്ഞു.
ഇന്നലെയാണ് സംഭവം. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകൾ ഗേറ്റ് പൂട്ടുന്നത്. ഇന്നലെ സബ് കളക്ടർ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടർന്ന് രക്ഷിതാക്കൾക്ക് ആ വീട്ടിൽ താമസിക്കുവാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാൽ മകൾ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
പൊലീസ് സംസാരിച്ചതിന് ശേഷവും മകൾ യാതൊരു കാരണവശാലും വാതിൽ തുറക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു. തൊട്ടടുത്ത് മകൻ താമസിക്കുന്നുണ്ടെങ്കിലും അദ്ദേഹവും വന്ന് നോക്കിയെന്നല്ലാതെ ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ഇവരെ ബന്ധു വീട്ടിലേക്ക് മാറ്റി. ഇന്ന് വീണ്ടും സബ്കളക്ടറെ കാണാൻ ഒരുങ്ങുകയാണ് വൃദ്ധരായ മാതാപിതാക്കൾ.















