ന്യൂഡൽഹി: 120 പ്രാദേശിക വിമാനത്താവളങ്ങളെയും ഹെലിപാഡുകളെയും ബന്ധിപ്പിച്ചുകൊണ്ട് സർക്കാർ പരിഷ്കരിച്ച ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പരിഷ്കരിച്ച പദ്ധതി അടുത്ത പത്ത് വർഷത്തിനുള്ളിൽ നാല് കോടി അധിക യാത്രക്കാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. 2025-26 കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം.
പ്രാദേശിക മേഖലകളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തിക്കൊണ്ടുള്ള പദ്ധതി ഹെലിപാഡുകളെയും മലയോരമേഖലകളിലെയും വടക്കുകിഴക്കൻ മേഖലകളിലെയും ചെറിയ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കും.
സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബീഹാറിലെ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്കും സർക്കാർ സൗകര്യമൊരുക്കുമെന്ന് സീതാരാമൻ പറഞ്ഞു.
2016-ൽ ആരംഭിച്ച ഉഡാൻ പദ്ധതി 1.4 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനം ചെയ്തു. പദ്ധതി പ്രകാരം, രണ്ട് വാട്ടർ എയറോഡ്രോമുകളും 13 ഹെലിപോർട്ടുകളും ഉൾപ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകൾ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
പുതിയ വിമാനത്താവളങ്ങളും ഉഡാൻ പദ്ധതിക്ക് കീഴിലുള്ള മെച്ചപ്പെട്ട പ്രാദേശിക കണക്റ്റിവിറ്റിയും വ്യോമഗതാഗതം മെച്ചപ്പെടുത്തിയതായി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു.















