തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീദാസനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
കുടുംബവുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജ്യോത്സ്യന്‍ 36 ലക്ഷം രൂപ തട്ടിയെന്ന കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ പരാതിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ ജ്യോത്സ്യന് പങ്കുള്ളതായി തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. അതേ സമയം പണം വാങ്ങിയെന്ന ആരോപണം ജ്യോത്സ്യന്‍ ശംഖുംമുഖം ദേവീ ദാസന്‍ നിഷേധിച്ചു.
“ഞാൻ ആരുടെയും ആത്മീയ ഗുരുവല്ല. എന്നെ ഒരു സ്വാമിയായി ചിത്രീകരിക്കരുത്. ഞാനൊരു ജ്യോതിഷിയാണ്.ഒരു വസ്തുവിന്റെയും ബ്രോക്കറായി പ്രവർത്തിച്ചിട്ടില്ല. കുടുംബസ്ഥനാണ്.അവർ ഒരു പൈസ പോലും എന്നെ ഏൽപ്പിച്ചിട്ടില്ല”.ശംഖുംമുഖം ദേവീ ദാസന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന് എത്തിയത് സ്വഭാവിക നടപടിയുടെ ഭാഗമെന്ന് പൊലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ ശേഷം ശംഖുംമുഖം ദേവീ ദാസന്‍ പ്രതികരിച്ചു. തനിക്ക് എതിരെ നൂറു ശതമാനം കള്ള പരാതിയാണ് ശ്രീതു നല്‍കിയതെന്ന് ജ്യോത്സ്യന്‍ പ്രതികരിച്ചു.
ഇദ്ദേഹത്തിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കൊവിഡിന് മുന്‍പാണ് ഒന്നര വര്‍ഷത്തോളം തന്റെ സഹായി ആയി ജോലി ചെയ്തിരുന്നതെന്നും അതിന് ശേഷം കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും ശംഖുംമുഖം ദേവീ ദാസന്‍ പറഞ്ഞു.















