ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചക്കായി പുത്തൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. സമുദ്ര മേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. 2025-26 കേന്ദ്ര ബജറ്റിലാണ് പ്രഖ്യാപനം.
“മത്സ്യ ഉത്പാദനത്തിലും അക്വാകൾച്ചറിലും ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്. സമുദ്രോത്പന്ന കയറ്റുമതിയിലൂടെ 60,000 കോടി രൂപയാണ് രാജ്യം നേടിയത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ സമുദ്രമേഖലയും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ സമുദ്രോത്പാദനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും”.
പരുത്തി കൃഷിക്ക് വേണ്ടി വിവിധ പദ്ധതികൾ തുടങ്ങും. പരുത്തി കൃഷിയുടെ ഉത്പാദനക്ഷമതയിലും സുസ്ഥിരതയിലും ഗണ്യമായ പുരോഗതി കൊണ്ടുവരും. പരുത്തി കർഷകർക്ക് എല്ലാ പിന്തുണയും നൽകും. ടെക്സ്റ്റൈൽ സെക്ടറുമായി സഹകരിച്ച് പദ്ധതികൾ നടപ്പിലാക്കും. പരുത്തി കൃഷിക്കായി ദേശീയ പദ്ധതികളും പഞ്ചവത്സര പദ്ധതികളും കൊണ്ടുവരുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിന് നിരവധി വികസന പദ്ധതികളാണ് നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചത്. 1.7 കോടി കർഷകർക്ക് പ്രയോജനപ്പെടുന്ന പദ്ധതി കൊണ്ടുവരുമെന്നും 100 ജില്ലകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വികസനം നടപ്പിലാക്കുമെന്നും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു.















