എറണാകുളം : ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ.
ചോറ്റാനിക്കര സംഭവം നാടിന് അപമാനമാണെന്നും പോക്സോ അതിജീവിതയുടെ ജീവന് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിൽ ക്രിമിനലുകൾക്ക് സമൂഹത്തിൽ സ്വൈര്യ വിഹാരം നടത്താനുള്ള സാഹചര്യമേറുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇരുത്തി ചിന്തിക്കേണ്ട വിഷയമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കേരളത്തിലെ പൊതുസമൂഹവും രാഷ്‌ട്രീയ സമൂഹവും ഇടപെടേണ്ടതുണ്ട്. കേരളം സുരക്ഷിതമാണ് ഇത്തരം സംഭവങ്ങൾ കേരളത്തിന് പുറത്താണ് എന്നുള്ള ധാരണ തിരുത്തണം.” വി മുരളീധരൻ പറഞ്ഞു.
ആവശ്യമായ അന്വേഷണങ്ങൾ നടത്താതിരിക്കുന്നത് കൂടുതൽ സംഭവങ്ങൾ നടക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഇത്തരം സംഭവങ്ങളിൽ വളരെ കർശനമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു
“കുറ്റവാളികൾക്കെതിരെ കർശന നടപടി ഉണ്ടാകണം. താല്ക്കാലികമായി ശ്രദ്ധ തിരിക്കാനുള്ള നടപടികളിലേക്ക് മാത്രം സർക്കാർ ഒതുങ്ങുന്നു. പെൺകുട്ടികൾക്ക് സുരക്ഷിതമായ ഇടമായി കേരളത്തെ നിലനിർത്താൻ കഴിയണം”; വി മുരളീധരൻ പറഞ്ഞു.















