ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025-26-ലൂടെ ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് രാജ്യം. ആദായനികുതി ഇളവിനുള്ള പരിധി 12 ലക്ഷമായി വർദ്ധിപ്പിച്ചും ജീവൻരക്ഷാ മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയും പിന്നാക്ക വിഭാഗത്തിലുള്ള സ്ത്രീകൾക്ക് സംരംഭം തുടങ്ങാൻ വായ്പാ സഹായം അനുവദിച്ചും മധ്യവർഗത്തെ ചേർത്തുപിടിക്കാൻ കേന്ദ്ര ബജറ്റിന് കഴിഞ്ഞിരുന്നു. ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രകാരം രാജ്യത്ത് വില കുറയുന്നത് എന്തിനെല്ലാമാണെന്ന് നോക്കാം..
ഇവി ബാറ്ററി ഉത്പാദനത്തിനുള്ള 35 അഡീഷണൽ സാധനങ്ങളെയും മൊബൈൽ ഫോൺ ബാറ്ററി ഉത്പാദനത്തിനുള്ള 28 അഡീഷണൽ സാധനങ്ങളെയും നികുതിയിൽ നിന്ന് ഒഴിവാക്കിയതിനാൽ ഇലക്ട്രോണിക് വാഹനങ്ങൾക്കും, മൊബൈൽ ഫോണുകൾക്കും വില കുറയും. ലിഥിയം അയേൺ ബാറ്ററി സ്ക്രാപ്പ്, എൽഇഡി ഉത്പന്നങ്ങൾ, കൊബാൾട്ട് പൗഡർ, ഈയം, സിങ്ക് ഉത്പന്നങ്ങൾ, കപ്പൽ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ബ്ലൂ ലെതർ, കരകൗശല ഉത്പന്നങ്ങൾ, 36 ഇനം ജീവൻരക്ഷാ മരുന്നുകൾ എന്നിവയ്‌ക്കും വില കുറയുമെന്നാണ് പ്രഖ്യാപനം.
ഇതുകൂടാതെ സുരിമിയുടെ വിലയും കുറയും. മത്സ്യ-മാംസാദികളെ പേസ്റ്റ് രൂപത്തിലാക്കുന്നതിനെയാണ് സുരിമി എന്ന് വിളിക്കുന്നത്. ഫ്രോസൺ ഫിഷ് പേസ്റ്റെന്നും ഇതിനെ വിളിക്കുന്നു. ഇവയ്‌ക്ക് ചുമത്തുന്ന കസ്റ്റംസ് ഡ്യൂട്ടി 30 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.















