എറണാകുളം: ചോറ്റാനിക്കരയിൽ ആൺ സുഹൃത്തിന്റെ മർദ്ദനമേറ്റു മരിച്ച പോക്സോ അതിജീവിതയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി.
പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കയർ കുരുങ്ങിയതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതി അനൂപിനെതിരെ നരഹത്യ വകുപ്പ് ചുമത്തും. പെൺകുട്ടിയുടെ മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെ തൃപ്പൂണിത്തുറ നടമേൽപ്പള്ളിയിൽ സംസാരിക്കും
ലൈംഗിക അതിക്രമ ശ്രമം നടന്നിട്ടുള്ളതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. കഴുത്തിലെ കുരുക്ക് ആണ് മസ്തിഷ്ക്ക മരണത്തിന് ഇടയാക്കിയത്. ദേഹമാസകലം മുറിപ്പാടുകൾ ഉണ്ടായിരുന്നു.
ആൺസുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യാക്കുറ്റം ചുമത്തുമെന്നും തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിക്കുമെന്നും കേസിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകുമെന്നും സി.ഐ NK മനോജ് പറഞ്ഞു.
മരിച്ച അതിജീവിതയുടെ സംസ്കാരം ഇന്ന് ഉച്ചയ്‌ക്കുശേഷം തൃപ്പൂണിത്തുറ നടമേൽ മാർത്ത മറിയം ചർച്ചിൽ നടക്കും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെൺകുട്ടി ഇന്നലെയാണ് മരിച്ചത് . സുഹൃത്ത് അനൂപിന്റെ മർദ്ദനമേറ്റ പെൺകുട്ടി കഴിഞ്ഞ അഞ്ച് ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു.















