ബോളിവുഡ് നടൻ വിക്കി കൗശൽ നായകനാവുന്ന ഇതിഹാസ കഥ പറയുന്ന ചിത്രമായ ഛാവയുടെ പ്രമോഷൻ തിരക്കുകളിലാണ് രശ്മിക മന്ദാന. ഛാവയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്നലെ ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ഗാനങ്ങളുടെ ലോഞ്ചിംഗ് ചടങ്ങും നടന്നു. പരിപാടിക്കിടെ രശ്മിക മന്ദാനയുടെ സഹായത്തോടെ തെലുങ്കിൽ സംസാരിക്കുന്ന വിക്കി കൗശലിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
‘എല്ലാവർക്കും സുഖമല്ലേ’ എന്ന് ആരാധകരോട് തെലുങ്കിൽ ചോദിക്കുന്ന വിക്കി കൗശലിന്റെ വീഡിയോയാണ് വൈറലാവുന്നത്. വിക്കിയുടെ സംസാരം കേട്ട് വേദിയിലുണ്ടായിരുന്നവർ ഉച്ചത്തിൽ ചിരിക്കുന്നതും വീഡിയോയിൽ കാണാം. തെറ്റിപ്പോയ വാക്കുകൾ പറഞ്ഞുകൊടുത്ത് വിക്കിയെ സഹായിക്കുകയാണ് രശ്മിക. ഹൈദരബാദിൽ വന്ന് നിങ്ങളെ എല്ലാവരെയും കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് വിക്കി കൗശൽ തെലുങ്കിൽ പറഞ്ഞു.
ലോഞ്ചിംഗ് ചടങ്ങിലെ രസകരമായ വീഡിയോ വിക്കി കൗശൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിച്ചുണ്ട്. ഫെബ്രുവരി 14-നാണ് ഛാവ റിലീസ് ചെയ്യുന്നത്. മറാത്ത സാമ്രാജ്യത്തിന്റെ യോദ്ധാവായ ഛത്രപതി സംഭാജി മഹാരാജാവിന്റെ കഥ പറയുന്ന ചിത്രമാണ് ഛാവ. പുഷ്പ 2 –ന് ശേഷം രശ്മിക മന്ദാനയുടേതായി വരാനിരിക്കുന്ന ബോളിവുഡ് ചിത്രമാണിത്.















